ഇസ്ലാമാബാദ്: പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ് ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. പ്രതിരോധ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.
ഫ്ളോറിഡയിലെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റിന്റെ ആസ്ഥാനമായ താമ്പയില്‍ സൈനിക നേതൃത്വവുമായി ഇന്നലെ റാഹീല്‍ ചര്‍ച്ച നടത്തിയതായി പാക്കിസ്ഥാന് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ അമേരിക്കയെയും പാക്കിസ്ഥാനെയും യോജിച്ചുകൊണ്ടുപോകുന്നതിനായി അമേരിക്കയിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്മാന്, ജനറല്‍ മാര്ട്ടിന് ഡെമ്സെ, സെന്‍ട്രല്‍ കമാന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവരുമായി മധ്യസ്ഥ ചര്‍ച്ചയും ഉണ്ടാകും. ഇതില്‍ അഫ്ഗാനിലെ സുരക്ഷാ പ്രശ്നം പ്രധാന ചര്‍ച്ച വിഷയമാകുമെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ആഴ്ച അവസാനം പാക്കിസ്ഥാന് സന്ദര്‍ശിച്ച അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഖാനി പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന് പ്രസിഡന്റിന്റെ പാക് സന്ദര്‍ശനത്തെ അമേരിക്ക സ്വാഗതം ചെയ്യുകയുമുണ്ടായി.
ഉഭയകക്ഷി സൈനിക സഹകരണം ഉയര്‍ന്നുവരാനുള്ള ഒരു സാഹചര്യം ജനറല്‍ റാഹീലും അമേരിക്കന്‍ സൈനിക മേധാവികളും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ ഉരുത്തിരിയുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: