ബാര്‍ കോഴ: എല്‍ഡിഎഫ് കോടതിയിലേക്ക്

Monday 17 November 2014 10:41 pm IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് കോടതിയിലേക്ക്. നിയമവിദഗ്ധരുമായി ആലോചിച്ച് കാലതാമസമില്ലാതെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധനമന്ത്രി കെ.എം. മാണി മാത്രമല്ല, മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുടെയും ഇടപെടലുകള്‍ അന്വേഷിക്കണം. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് 25ന് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്വിക്ക് വെരിഫിക്കേഷന്‍ പ്രഹസനമാണ്. ഒരു മന്ത്രിക്ക് ഒരുകോടി കോഴ നല്‍കിയെന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായില്ല. അന്വേഷണത്തിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇത്തരം പ്രസ്താവന നടത്തുകയും അദ്ദേഹത്തിന് കീഴിലുള്ള വിജിലന്‍സ് കേസ് അന്വേഷിപ്പിക്കുന്നതും ശരിയല്ല. മന്ത്രിസഭയിലെ മന്ത്രിമാര്‍ കോഴ വാങ്ങുന്നതിനാണ് മത്സരം നടത്തിയത്. ഇതിനെതിരെ നിയമപരമായ നടപടിയിലൂടെ മുന്നോട്ടു പോകും. മന്ത്രി കോഴ വാങ്ങിയെന്ന ആരോപണം ഉണ്ടായിട്ട് എഫ്‌ഐആര്‍ തയ്യാറാക്കി കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏത് അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായില്ല. ഡിസംബര്‍ ഒന്നിന് വീണ്ടും എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ബാര്‍ കോഴയില്‍ തുടര്‍ന്ന് പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ജുഡീഷ്യല്‍ അന്വേഷണത്തിലും കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും ചില പ്രശ്‌നങ്ങളുണ്ട്. അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കോഴ ആരോപണത്തെക്കുറിച്ച് നടക്കുന്ന പ്രാഥമിക പരിശോധന കേസ് തേച്ചുമായ്ച്ചുകളയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. മാണി ഒരുതെറ്റും ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണം നടത്തുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി വിധിപ്രഖ്യാപനം നടത്തിയത് ശരിയായില്ല. നികുതി വര്‍ധനവിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. വര്‍ധിപ്പിച്ച വെള്ളക്കരവും ഭൂനികുതിയും ജനപങ്കാളിത്തത്തോടെ ബഹിഷ്‌കരിക്കും. ഡിസംബര്‍ 31ന് മുമ്പ് വാര്‍ഡുതലത്തില്‍ നികുതിദായകരുടെ സംഗമം വിളിച്ചുകൂട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.