ബാര്‍ കോഴ: ഇടതുമുന്നണിയുടേത് രാഷ്ട്രീയ ലക്ഷ്യമെന്ന് മാണി

Tuesday 18 November 2014 5:02 pm IST

കോട്ടയം: തനിക്കതിരായ ബാര്‍ കോഴ ആരോപണത്തില്‍ ഇടതുമുന്നണിയുടേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി. ബാറുടമകളുമായി ചേര്‍ന്ന് സിപിഐ നടത്തുന്ന നാടകമാണ് വിവാദത്തിനു പിന്നിലെന്ന് മാണി ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ബാര്‍ മുതലാളിമാരുടെ ലക്ഷ്യം തന്നെയാണ് എല്‍.ഡി.എഫിനുള്ളതെന്നും പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ സമരം യു.ഡി.എഫ് സര്‍ക്കാരിനെതിരേയാണ്. എല്‍.ഡി.എഫിന്റെ സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെടും. സമരത്തെ നേരിടാന്‍ സര്‍ക്കാരിന് അറിയാമെന്നും മാണി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്നില്‍ ചില ശക്തികളുണ്ട്. ബിജുവിന്റെ ആരോപണത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസുകാരാണെന്ന ആരോപണം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെന്നാണ് സിപിഐയുടെ വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന ഭയത്തിലാണ് സിപിഐ. അതൊഴിവാക്കാന്‍ ബാറുടമകളുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്കു പിന്നില്‍ ഇത്തരം കടന്നാക്രമണങ്ങളിലൂടെ പാര്‍ട്ടിയെ തളര്‍ത്താനാകില്ലെന്നും മാണി പറഞ്ഞു. മുഖ്യമന്ത്രി ആവണമെന്ന ആവശ്യം ഒരിടത്തും താന്‍ പ്രകടിപ്പിച്ചിട്ടില്ല. താന്‍ ഇവിടെയെങ്ങാനും ഒതുങ്ങി കഴിഞ്ഞോട്ടെയെന്നും ഒരു ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.