മതപ്രചാരണത്തിനെത്തിയ വില്യം ലീയ്ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി

Thursday 13 October 2011 3:07 pm IST

കൊച്ചി: വിസാ ചട്ടം ലംഘിച്ചെത്തി കൊച്ചിയില്‍ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കക്കാരന്‍ വില്യം ലീയ്ക്കായി തെരച്ചില്‍ തുടങ്ങി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇയാള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്യമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിനോദ സഞ്ചാര വിസയിലെത്തിയ വില്യം ലീയ്ക്കും സംഘത്തിനും സുവിശേഷ പ്രസംഗം നടത്താന്‍ അവകാശമില്ലാത്തതിനാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം ഇയാളുടെ പരിപാടി പോലീസ് തടഞ്ഞിരുന്നു. ഇതറിഞ്ഞ ഇയാള്‍ രാത്രി തന്നെ മുങ്ങിയിരുന്നു. സംഗീതപരിപാടി എന്ന പേരില്‍ ബുക്ക് ചെയ്തിടത്താണ് ഇയാള്‍ സുവിശേഷ പ്രസംഗം നടത്താന്‍ ഒരുങ്ങിയത്. കേരളത്തിലെത്തിയ ഇയാള്‍ തൃശൂരിലും ഒരു സുവിശേഷ പരിപാടി നടത്തിയിരുന്നു. രാത്രി വില്യം താമസിക്കുന്ന ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വില്യമിനെ പിടികൂടി നാട്ടിലേക്ക് തിരിച്ചയയ്ക്കാനാണ് പോലീസിന്റെ ശ്രമം. ഇയാളെ കേരളത്തിലെത്തിച്ച തിരുവല്ലയിലൂള്ള ഫെയ്ത്ത് ലീഡേഴ്സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരെയും പോലീസ് തെരയുന്നുണ്ട്. മതപ്രഭാഷണത്തിന്റെ മറവില്‍ കോടികളാണ്‌ വിദേശരാജ്യങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തുന്നത്‌. ലീയുടെ പ്രഭാഷണത്തിന്റെ പേരിലും വന്‍ തുകയാണ്‌ സംഘടനയുടെ പേരിലെത്തിയതെന്ന്‌ അറിയുന്നു. പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.