വാദ്രക്ക് ഭൂമിയിടപാടുകള്‍ നടത്തിക്കൊടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Tuesday 18 November 2014 10:20 pm IST

ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ വിവാദഭൂമിയിടപാടുകള്‍ നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 2012 ല്‍ വിവാദഭൂമി പോക്കുവരവ് ചെയ്തുനല്‍കിയ അസിസ്റ്റന്റ് കണ്‍സോളിഡേഷന്‍ ഓഫീസര്‍ ദല്‍ബീര്‍ സിങ്ങിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധികാരത്തിലേറി ഒരുമാസം തികയുന്നതിനു മുന്‍പേതന്നെ റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ട വിവാദ ഭൂമിയിടപാടു കേസില്‍ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്‌പെന്‍ഷനെന്ന് സംസ്ഥാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. പദവി ദുരുപയോഗംചെയ്ത് ഗുഡ്ഗാവ് ജില്ലയിലെ റോസ്‌ക ഗുര്‍ജ്ജാര്‍ ഗ്രാമത്തിലെ ഭൂമി ദല്‍ബീര്‍ സിങ് ഇടപാട് നടത്തിയതായുള്ള ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. 2008ല്‍ വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ശിഖോപൂര്‍ ഗ്രാമത്തില്‍ മൂന്നേക്കറോളം ഭൂമി സ്വന്തമാക്കി. ഏഴരകോടി രൂപയുടേതായിരുന്നു ഇടപാട്. ഇതില്‍ 2.71 ഏക്കറിലും വാണിജ്യസമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പ് അനുമതി നല്‍കി. 2008ല്‍ തന്നെ 58 കോടി രൂപയ്ക്ക് ഈ മൂന്നേക്കര്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫിന് കൈമാറി. 2012ല്‍ റോബര്‍ട്ട് വാദ്രയും ഡിഎല്‍എഫും തമ്മിലുള്ള ഭൂമിയിടപാട് നടത്തിക്കൊടുത്തത് ദല്‍ബീര്‍ സിംഗാണ്. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രജിസ്‌ട്രേഷന്‍ വിഭാഗം ഐജിയായിരുന്ന അശോക് ഖെംക  ക്രമവിരുദ്ധമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോക്കുവരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ റദ്ദാക്കിയ ഭൂമിയുടെ പോക്കുവരവ് 2014 ജൂലൈയില്‍ സിങ് വീണ്ടും നിയമപരമായി റവന്യു റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടു നടന്ന വഞ്ചനാക്കേസില്‍ ഈ മാസം പതിനൊന്നിന് ദല്‍ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റവന്യൂരേഖകള്‍ തിരുത്താന്‍ ഇയാള്‍ക്ക് അധികാരമില്ലെന്ന് ഖെംക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഖെംക അധികാരപരിധിക്കു പുറത്തുകടന്നെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. രണ്ടു വര്‍ഷമായി ഖെംകയുടെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ബിജെപി സര്‍ക്കാര്‍ ഹരിയാനയില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കാര്യങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.