സൌമ്യ വധം: ഡോ.ഉന്മേഷിനെ വീണ്ടും വിസ്തരിക്കും

Thursday 13 October 2011 4:24 pm IST

തൃശൂര്‍: സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കാന്‍ തൃശൂര്‍ അതിവേഗ കോടതി തീരുമാനിച്ചു. പതിനഞ്ചാം തീയതിയാണ് വിസ്താരം നടക്കുക. ഉന്മേഷിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട പരാതിയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. ഡോ. ഉന്മേഷ്‌ തന്റെ നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തിലാണ്‌ വീണ്ടും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്‌. പോസ്റ്റുമോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ ഡോ. ഉന്മേഷ്‌ കോടതിയില്‍ ആവശ്യപ്പെട്ടു. ഡോ. ഷേര്‍ളി വാസുവും താനും തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും ഉന്മേഷ്‌ കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളം ഉന്മേഷ് കോടതിയില്‍ ഹാജരാക്കി. പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ ഡോക്ടര്‍മാരെയും അവരെ സഹായിച്ചവരെയും വിസ്തരിക്കണമെന്നും ഉന്മേഷ് ആവശ്യപ്പെട്ടു. ഇതോടെ ഉന്മേഷിനെ പുനര്‍വിചാരണയ്ക്കു വിധേയമാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി നിലപാടിനെ പ്രതിഭാഗം എതിര്‍ത്തു. കോടതി ഉത്തരവ് കേസ് നീണ്ടുപോകാന്‍ കാരണമാകുമെന്ന് അവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയിലെത്തിയ ഉന്മേഷിനെതിരെ വിവിധ സംഘടനങ്ങള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത്‌ കോണ്‍ഗ്രസ്‌, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഉന്മേഷിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പോലീസ്‌ വിഫലമാക്കി.