മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.5 അടി

Wednesday 19 November 2014 12:51 am IST

കുമളി: മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തമിഴ്‌നാട് മുന്നോട്ടുപോകുന്നു. വൈഗഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നില്ലെന്നാണ് ഉപസമിതിയിലെ കേരളത്തിന്റെ അംഗങ്ങള്‍ പറയുന്നത്. വെളളം കൊണ്ടുപോകാത്തതിനെത്തുടര്‍ന്നാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ഇന്നലെ വൈകിട്ട് പരിശോധിക്കുമ്പോള്‍ 141.5 അടിവെള്ളമാണ് ഡാമിലുള്ളത്. ബേബി ഡാമിലെ ചോര്‍ച്ച കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാന ഡാമിലെയും ബേബി ഡാമിലെയും സുര്‍ക്കി മിശ്രിതം ഒഴുകിപ്പോയിട്ടുണ്ട്. ഇത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഉന്നതാധികാര സമിതി നിയമിച്ചിട്ടുള്ള ഉപസമിതിയുടെ അംഗങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ജലനിരപ്പ് താഴ്ത്താന്‍ ഷട്ടര്‍ തുറക്കുന്നതിന് കേന്ദ്ര ജലകമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഷട്ടര്‍ തുറന്ന് ജലനിരപ്പ് താഴ്ത്താമെന്നുമാണ് തമിഴ്‌നാട് അറിയിച്ചത്. അടുത്ത 24ന് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നേക്കും. ഇടുക്കി ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ ഇന്നലെ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തി. അടിയന്തരമായി ഷട്ടര്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചോദിച്ചെങ്കിലും തമിഴ്‌നാട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രാജേഷ് കൃത്യമായ മറുപടി നല്‍കിയില്ല. ഷട്ടര്‍ തുറക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പോ, കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്പെങ്കിലും അറിയിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പറയാന്‍ തനിക്ക് കഴിയില്ലെന്നാണ് രാജേഷ് അറിയിച്ചത്. ആറു മണിക്കൂര്‍ മുമ്പെങ്കിലും വിവരം ലഭിച്ചാലേ ജനങ്ങളെ ഒഴിപ്പിക്കുന്നതുള്‍പ്പടെ അടിയന്തിര നടപടി സ്വീകരിക്കാന്‍ കഴിയൂവെന്ന് കളക്ടര്‍ പറഞ്ഞു. ടൂറിസം മേഖലയായ തേക്കടിയില്‍ വെള്ളം ഉയരുന്നതിന്റെ ആഘാതത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിയാര്‍ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ സജ്ഞയന്‍ കുമാറിനോട് കളക്ടര്‍ ആവശ്യപ്പെട്ടു. സങ്കേതത്തിലെ വന്യജീവികള്‍ക്കും വനത്തിനും സംഭവിക്കുന്ന നാശവും പരിശോധിക്കും. കളക്ടര്‍ക്കൊപ്പം എ.ഡി.എം.ഒ മോഹനപിള്ള, ആര്‍.ഡി.ഒ പൗളിന്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ഡാനിയല്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഏഞ്ചിനീയര്‍ എന്‍.എസ് പ്രസീദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ് ഗിരീഷ് ഉമ്മര്‍ജി എന്നിവരുമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ അജിത്ത് പാട്ടിലിനൊപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമം നടന്നു.  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കളക്ടറുടെ ഇടപെടല്‍ മൂലമാണ് പിന്നീട് പ്രവേശനം അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.