പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Thursday 13 October 2011 1:47 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അന്നാ ഹസാരെ സംഘത്തിലെ പ്രമുഖനുമായ പ്രശാന്ത്‌ ഭൂഷണെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ്‌ അറസ്റ്റു ചെയ്‌തു. തേജീന്ദര്‍പാല്‍ സിംഗ്‌ ബര്‍ഗ, വിഷ്‌ണുഗുപ്ത എന്നിവരാണ്‌ ഇന്ന്‌ പിടിയിലായത്‌. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ദല്‍ഹി സ്വദേശി ഇന്ദര്‍വര്‍മ്മയെ സംഭവസമയത്ത്‌ തന്നെ പോലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. അതിനിടെ കാശ്‌മീരില്‍ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു. ജനങ്ങള്‍ക്ക്‌ എന്റെ ആശയങ്ങളെ എതിര്‍ക്കാം. പക്ഷേ എന്നെ മര്‍ദ്ദിക്കാന്‍ അവകാശമില്ല. തനിക്കെതിരായ നടപടി ഫാസിസമാണെന്നും ഒരു ദേശീയ ടെലിവിഷന്‍ ചാനലിനോട്‌ സംസാരിക്കവെ ഭൂഷണ്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട്‌ നാലേകാലോടെ സുപ്രീംകോടതിക്ക്‌ എതിരെയുള്ള പുതിയ ലായേഴ്‌സ്‌ ചേംബറിലെ തന്റെ ഓഫീസില്‍ പ്രശാന്ത്‌ ഭൂഷണ്‍ ഒരു ടെലിവിഷന്‍ ചാനലിന്‌ ഇന്റര്‍വ്യൂ നല്‍കാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ ഭൂഷണു നേരെ ആക്രമണം നടന്നത്‌. കാശ്‌മീരിലെ ജനങ്ങള്‍ക്ക്‌ ഇന്ത്യയുടെ ഭാഗമായി ജീവിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അവര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കണമെന്നും, അതറിയാന്‍ ജമ്മുകാശ്‌മീരില്‍ ഹിതപരിശോധന നടത്തണമെന്നും കാശ്‌മീരില്‍ നിന്ന്‌ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്നും ഈയിടെ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞിരുന്നു.