ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നു

Wednesday 19 November 2014 10:17 am IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം കേരളത്തിലെ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) ഒരുങ്ങുന്നു. കൊച്ചി-മംഗലാപുരം, കൊച്ചി-കോയമ്പത്തൂര്‍ പൈപ്പ്‌ലൈനുകളാണ് ഉപേക്ഷിക്കുന്നത്. വടക്കന്‍ ജില്ലകളിലെ ഇന്ധന ക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതുന്ന പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്നത് കേരളത്തിന് വന്‍ തിരിച്ചടിയാണ്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ കുറഞ്ഞ ചെലവില്‍ പ്രകൃതി വാതകം എത്തിക്കാമായിരുന്ന പദ്ധതിയാണ് സര്‍ക്കാര്‍ അനാസ്ഥമൂലം പാളുന്നത്. പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ഗെയില്‍ സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ചില മതതീവ്രവാദ സംഘടനകളാണ് പൈപ്പിടല്‍ ജോലികള്‍ തടസ്സപ്പെടുത്തുന്നത്. പോലീസ് സംരക്ഷണമുണ്ടെങ്കില്‍ മാത്രമേ ജോലികള്‍ തുടരാനാകൂ എന്നതാണ് സ്ഥിതി. പലവട്ടം സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്,ഗെയില്‍ വക്താവ് ജന്മഭൂമിയോട് പറഞ്ഞു. 3200 കോടിയുടെ പൈപ്പ് ലൈന്‍ പദ്ധതിയാണ് കേരളത്തില്‍ വിഭാവനം ചെയ്തിരുന്നത്.കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് പ്രകൃതിവാതകം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഏകദേശം 1500 കോടിയുടെ പണികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നതോടെ ഈ തുക പാഴാകും. ഇതിനുപുറമേ കൊച്ചി നഗരത്തില്‍ വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും വിഭാവനം ചെയ്തിരുന്നു. കെഎസ്‌ഐഡിസിയുമായി ചേര്‍ന്ന് ഗെയിലിന്റെ കേരള ഘടകം ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു ധാരണ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയും നടപ്പാകുന്ന കാര്യം ആശങ്കയിലാണ്. കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ ഉപേക്ഷിക്കുന്നതോടെ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ പ്രയോജന രഹിതമാകും. 5000 കോടിയിലേറെ രൂപ ചെലവിട്ട് പണിപൂര്‍ത്തിയാക്കിയ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടു. പൈപ്പ് ലൈന്‍ ഇല്ലാത്തതിനാല്‍ ടെര്‍മിനലിന്റെ ഒരു ശതമാനം ശേഷിപോലും ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. എഫ്എസിടി പോലുള്ള ചില പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ബുള്ളറ്റ് ടാങ്കറുകളില്‍ ഇന്ധനം എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും ഉയര്‍ന്നവില തടസ്സമാകുകയായിരുന്നു. പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം വാതക വിതരണത്തിന് സംവിധാനമൊരുക്കുക മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം. യൂറോപ്പ്- ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ളതിന്റെ പത്ത് ശതമാനം ഇന്ധന പൈപ്പ് ലൈനുകള്‍പോലും നമ്മുടെ രാജ്യത്തില്ല. ഇന്ധനവിതരണത്തിന് ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ് പൈപ്പ് ലൈന്‍ പദ്ധതികള്‍. പക്ഷേ ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിനുപകരം എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നത്,ഗെയില്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. കര്‍ണ്ണാടകത്തില്‍ കാര്യമായ എതിര്‍പ്പില്ല. തമിഴ്‌നാട്ടില്‍ പുതിയ പൈപ്പ് ലൈന്  എതിര്‍പ്പുണ്ടെങ്കിലും നിലവിലുള്ള പൈപ്പ് ലൈനുകള്‍ ഉപയോഗപ്പെടുത്താനാകും. കേരളത്തിലാണ് സ്ഥിതി ഏറ്റവും മോശം. സര്‍ക്കാരിന്റെ ഭാഗമായ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് എതിര്‍പ്പിന് നേതൃത്വം നല്‍കുന്നത്. ഗെയില്‍ വക്താവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.