കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥിയുടെ മരണം: സഹപാഠികള്‍ കസ്റ്റഡിയില്‍

Wednesday 19 November 2014 10:57 am IST

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു. പ്രണയത്തെ ചൊല്ലി കൂട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴിയും പിന്നീട് നല്‍കിയ മൊഴിയിലും വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയം തോന്നാന്‍ കാരണമായത്. കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഭിലാഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സുരേഷ് മിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അഭിലാഷ്. ശനിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.