മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

Thursday 20 November 2014 3:19 pm IST

ന്യൂദല്‍ഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതി ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം നടക്കുക. ഇരു സംസ്ഥാനങ്ങളോടും മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസമൂഹത്തെക്കൂടി കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉമാ ഭാരതി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണമായും നിര്‍ത്തി. ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് തമിഴ്‌നാട് വെള്ളമെടുക്കുന്നത് നിര്‍ത്തിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം ശേഖരിക്കാനാണ്   തമിഴ്‌നാടിന്റെ ശ്രമം.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 142 അടിയാണ്. നിലവില്‍ 141.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ ഇന്നുതന്നെ ജലനിരപ്പ് 142 അടിയെത്തും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയില്ല, നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് 142 അടിയെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. എന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള രൂപരേഖ തമിഴ്‌നാട് ഇതുവരെ കേരളത്തിന് കൈമാറിയിട്ടില്ല. ജലനിരപ്പ് 141.8 അടിയിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുമെന്നും തമിഴ്‌നാട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ജില്ലാ ഭരണകൂടത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച വിവരം എത്രയും പെട്ടെന്ന്അറിയിക്കണമെന്നു ജില്ലാ കലക്ടര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തമിഴ്‌നാടില്‍ നിന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയാലുടന്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നു ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. ഇന്നലെ തമിഴ്‌നാട് ചീഫ് എന്‍ജിനീയര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ഡാമില്‍ വച്ച് പീരുമേട് എംഎല്‍എയും സംഘവും തമിഴ്‌നാട് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് വൈക്കോയുടെ നേതൃത്വത്തിലെ സമരക്കാര്‍ ലോവര്‍ ക്യാംപില്‍ പ്രതിഷേധിച്ചു. നൂറ്റിയമ്പതോളം വാഹനങ്ങളിലാണ് സമരക്കാരെത്തിയത്. കുമളിയില്‍ നിന്നും എട്ട് കിലോ മീറ്റര്‍ അകലെയായിരുന്നു സമരം. പ്രതിഷേധക്കാര്‍ അതിര്‍ത്തികടക്കുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കേരളം കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. ദുരന്തസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായി അയ്യപ്പന്‍കോവില്‍ ഭാഗത്തുള്ള പൊതുമരാമത്ത് വക റോഡും കെഎസ്ഇബിയുടെ അധീനതയിലുള്ള റോഡും നന്നാക്കാന്‍ ഇടുക്കി കളക്ടര്‍ അജിത് പാട്ടീല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അയ്യപ്പന്‍ കോവില്‍, വള്ളക്കടവ് മേഖലകളിലെ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടുള്ള ഇടങ്ങളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ വണ്ടിപ്പെരിയാര്‍, മഞ്ചുമല പ്രദേശങ്ങളിലെ അപകട സൂചനാ സൈറണുകള്‍ നന്നാക്കും. അത്യാവശ്യമെങ്കില്‍ തോട്ടം ഉടമകളുടെ സൈറണുകള്‍ ഉപയോഗിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 120 കുടുംബങ്ങളെ ആറ് ക്ലസ്റ്ററുകളായി തിരിക്കുന്ന കാര്യത്തില്‍ അന്തിമ രൂപമായി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.