ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം

Wednesday 19 November 2014 10:16 pm IST

ചെന്നൈ: തുടര്‍ച്ചയായ നാല് സമനിലകള്‍ക്കുശേഷം ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെ എഫ്‌സിയെയാണ് ചെന്നൈയിന്‍ എഫ്‌സി തകര്‍ത്തുവിട്ടത്. ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി സ്റ്റീഫന്‍ മെന്‍ഡോസ, ബ്രൂണോ പെലിസ്സാരി, ലാല്‍പെഖുല എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പൂനെ സിറ്റി എഫ്‌സിയുടെ ആശ്വാസഗോളും ചെന്നൈയിന്‍ എഫ്‌സിയുടെ ദാനമായിരുന്നു. എറിക് ഡെംബയാണ് പൂനെ സിറ്റിക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം ചെലുത്തിയ ചെന്നൈയിന്‍ എഫ്‌സിക്ക് 16-ാംമിനിറ്റില്‍ സൂപ്പര്‍താരം പരിക്കേറ്റ് തിരിച്ചുകയറിയത് തിരിച്ചടിയായി. എന്നാല്‍ പകരമിറങ്ങിയ ബ്രസീലിയന്‍ താരം ബ്രൂണോ പെലിസ്സാരി ആ കുറവു നികത്തിയെങ്കിലും ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പിന്നീട് കളിയുടെ 62-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്. ബല്‍വന്ത് സിംഗിന്റെ പാസ് സ്വീകരിച്ച സ്റ്റീഫന്‍ മെന്‍ഡോസ അഡ്വാന്‍സ് ചെയ്ത് കയറിയ പൂനെ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പിന്നീട് 70-ാം മിനിറ്റില്‍ പൂനെ സമനില പിടിച്ചു. ഡേവിഡ് കൊളംബയുടെ ക്രോസ് രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ എറിക് ഡെംബായുടെ ദേഹത്ത് തട്ടിയ പന്ത് സ്വന്തം വലയില്‍ കയറി. തൊട്ടുപിന്നാലെ ചെന്നൈയിന്‍ ടീം വീണ്ടും ലീഡ് നേടി. ബ്രൂണോ പെലിസ്സാരി ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ഇടംകാലന്‍ ഷോട്ടാണ് പൂനെ ഗോളിയെ കീഴ്‌പ്പെടുത്തി വലയിലെത്തിയത്. ഇഞ്ചുറി സമയത്താണ് മൂന്നാം ഗോള്‍ പിറന്നത്. ബല്‍വന്ത് സിംഗിന്റെ പാസില്‍ നിന്ന് ലാല്‍പെഖുലെയുടെ വലംകാലന്‍ ഷോട്ട് വലയില്‍ കയറിയതോടെ ചെന്നൈയിന്‍ ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ 9 കളികളില്‍ നിന്ന് 16 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കും 16 പോയിന്റുണ്ടെങ്കിലും ഗോള്‍ ആവേറജില്‍ അവര്‍ രണ്ടാം സ്ഥാനത്തായി. ഇന്ന് കളിയില്ല. നാളെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.