മലകയറുന്ന ബസ്സുകളില്‍ ഇനി മുതല്‍ ശരണമന്ത്രത്തിനും വിലക്ക്...!

Wednesday 19 November 2014 10:32 pm IST

തിരുവനന്തപുരം: അമിത നിരക്ക് ഈടാക്കി ശബരിമലയിലേക്ക് ദുരിത സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇനി മുതല്‍ അയ്യപ്പ ചിത്രവും ശരണമന്ത്രവും പതിക്കരുതെന്ന് നിര്‍ദ്ദേശം. മണ്ഡല മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് കോടികള്‍ വരുമാനം ലഭിക്കുന്ന ശബരിമല സര്‍വ്വീസുകളില്‍ നിന്ന് ശരണമന്ത്രം നീക്കം ചെയ്യാനാണ് എംഡി ഡിപ്പോകള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. സാധാരണ തിരുവനന്തപുരത്തുനിന്നും പമ്പയിലേക്കും എരുമേലിയിലേക്കും സര്‍വ്വീസ് നടത്തുന്ന ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ് ബസ്സുകളുടെ ബോര്‍ഡില്‍ അയ്യപ്പന്റെ ചിത്രവും സ്വാമിശരണം എന്ന ശരണമന്ത്രവും ആലേഖനം ചെയ്യാറുണ്ട്. മുന്‍ കെഎസ്ആര്‍ടിസി എംഡിയും ശരണമന്ത്രം നീക്കം ചെയ്യണമെന്ന ഉത്തരവിറക്കിയെങ്കിലും ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ ഉത്തരവ് പിന്‍വലിച്ചിരുന്നു. മൂന്നുമാസം മുമ്പ് ചാര്‍ജ്ജെടുത്ത പുതിയ കെഎസ്ആര്‍ടിസി എംഡിയാണ് ഇപ്പോള്‍ വീണ്ടും വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബസ്സുകളില്‍ നിന്ന് ശരണമന്ത്രം നീക്കുന്നതോടൊപ്പം ഡിപ്പോകളില്‍ സ്ഥാപിച്ചിട്ടുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമരുളുന്ന ബോര്‍ഡുകളും നീക്കം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ആര്‍എസ്ആര്‍എന്‍ സീരീസില്‍പ്പെട്ട 250 ബസ്സുകള്‍ പമ്പ-നിലയ്ക്കല്‍ സര്‍വ്വീസിനായി പമ്പ ഡിപ്പോയിലേക്ക് വിട്ടുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വ്വീസിന് കന്നി അയ്യപ്പന്‍ മുതല്‍ ഗുരുസ്വാമി വരെ 15 രൂപ ടിക്കറ്റിലാണ് യാത്ര ചെയ്തതെങ്കില്‍ ഇക്കുറി അത് 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യന്മാരെ കൊള്ളയടിക്കുന്നതിനു പുറമെയാണ് ഭക്തരുടെ വിശ്വാസങ്ങള്‍ കൂടി കെഎസ്ആര്‍ടിസി കൂച്ചുവിലങ്ങിട്ടിരിക്കുന്നത്. അയ്യപ്പന്റെ ചിത്രത്തോട് താല്‍പര്യമില്ലാത്ത കെഎസ്ആര്‍ടിസി തീര്‍ത്ഥാടകരുടെ പണത്തോടാണ് താല്‍പര്യമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇനി ശബരിമലയാത്രയ്ക്കിടെ ബസ്സിലിരുന്ന് ശരണം വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുമോ എന്ന ആശങ്കയിലാണ് തീര്‍ത്ഥാടകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.