സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്് നിര്‍മ്മാണം പാതിവഴിയില്‍

Wednesday 19 November 2014 10:54 pm IST

ശബരിമല: സന്നിധാനത്തെ മാലിന്യസംസ്‌കരണ പ്ലാന്റ്് നിര്‍മ്മാണം പാതിവഴിയില്‍. പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഡിസംബര്‍ 15ന് മുമ്പ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നത്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ചതോടെ പ്ലാന്റിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ല. മുമ്പ് ദിനംപ്രതി നൂറിലധികം ട്രാക്ടറുകളില്‍ ആവശ്യമായ സാധനങ്ങള്‍ സന്നിധാനത്തെ നിര്‍മ്മാണസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിനാലില്‍ താഴെ ട്രിപ്പുകള്‍ മാത്രമാണ് നടത്താന്‍ കഴിയുന്നത്. കൊച്ചി ആസ്ഥാനമായ വാസ്‌കോ എന്‍വയണ്‍മെന്റല്‍ ഇന്ത്യ എന്ന കമ്പനിക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണച്ചുമതല. ഈ വര്‍ഷം ജനുവരി അഞ്ചിന് ദേവസ്വം ബോര്‍ഡ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിനു പിന്നാലെ 9ന് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിനിടെ ഈസ്ഥലത്ത് പാറ കണ്ടെത്തിയത് പദ്ധതിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. പാറ ഖനനം ചെയ്യുന്നത് സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കപ്പെട്ടത് വളരെ വൈകിയാണ്്. ഇത് പ്ലാന്റിന്റെ നിര്‍മ്മാണം വൈകുന്നതിന് കാരണമായി. പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച സാധനങ്ങള്‍ പമ്പയിലും മറ്റ് പലസ്ഥലത്തുമായി സംഭരിച്ചിരിക്കുകയാണ്. ഇവ നിര്‍മ്മാണ സ്ഥലത്തേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഭാഗികമായി തടസപ്പെട്ടിരിക്കുന്നത്. മുന്നൂറോളം അന്യസംസ്ഥാനത്തൊഴിലാളികളാണ് പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ വ്യാപൃതരായിട്ടുള്ളത്. ഈ തൊഴിലാളികളുടെ താമസസൗകര്യങ്ങളും മറ്റും തീര്‍ത്ഥാടനം ആരംഭിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ഇതുമൂലം തൊഴിലാളികളെ പൂര്‍ണ്ണമായും ഉപയോഗിക്കാനും കഴിയുന്നില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. എങ്കിലും പ്ലാന്റിന്റെ എഴുപതുശതമാനത്തിലധികം നിര്‍മ്മാണം പൂര്‍ത്തിയായതായി കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്. മാലിന്യസംസ്‌കരണത്തിനായി പ്ലാന്റില്‍ ഉപയോഗിക്കുക ചൈനീസ് നിര്‍മ്മിത യന്ത്രങ്ങളാണ്. ഈ മെഷീനറികളുടെ പ്രോസസിംഗ് യൂണിറ്റും വഴിയരികിലാണ്. നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍സന്നിധാനത്തെ നിര്‍മ്മാണസ്ഥലത്ത് എത്തിക്കാനായാല്‍ 45 ദിവസത്തിനുള്ളില്‍ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് കമ്പനിവൃത്തങ്ങളുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.