ലക്ഷങ്ങള്‍ ചെലവഴിച്ച ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തി

Wednesday 19 November 2014 10:57 pm IST

തൃശൂര്‍: ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ ശുദ്ധീകരണം നിലച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ശുദ്ധീകരണ പ്ലാന്റ് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്. ശുദ്ധീകരണം നിലച്ചതോടെ എണ്ണയും ചെളിയും നിറഞ്ഞ് ക്ഷേത്രക്കുളം മലിനമായി. കല്‍പ്പടവുകളില്‍ വഴുക്കല്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മറ്റ് മലിനാവശിഷ്ടങ്ങളും കുളത്തില്‍ കാണാം. പ്ലാന്റ് സ്ഥാപിച്ച ഭാഗത്ത് കുളത്തിന്റെ അരികുകളില്‍ കാട് വളര്‍ന്ന് തുടങ്ങി. ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഇപ്പോഴും കുളിക്കാനുപയോഗിക്കുന്നത് ഈ കുളമാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും വഴിവെക്കുമെന്നിരിക്കെയാണ് ദേവസ്വം ബോര്‍ഡ് അനാസ്ഥ തുടരുന്നത്. ഉത്സവകാലത്ത് ദേവന്റെ ആറാട്ട് നടക്കുന്ന കുളത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതു കൂടിയാണ് അധികൃതരുടെ നടപടി. 1986 ലാണ് വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നതിനും ക്ലോറിനേഷനുമുള്ള സൗകര്യത്തോടെ പ്ലാന്റ് സ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. 2010ല്‍ ഒരുതവണ വീണ്ടും ടെന്‍ഡര്‍ വിളിച്ച് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇടക്കിടെ കുളത്തില്‍ ക്ലോറിന്‍ കലക്കി നടത്തുന്ന ശുദ്ധീകരണത്തട്ടിപ്പു മാത്രമാണിപ്പോള്‍. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശുദ്ധിവരുത്തിയാണ് ഭക്തജനങ്ങള്‍ ദര്‍ശനം നടത്തുന്നത്. രാജ്യത്തെ തന്നെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ മണ്ഡല മാസക്കാലത്ത് പ്രതിദിനം അരലക്ഷം വരെ ഭക്തജനങ്ങള്‍ എത്തുന്നതായാണ് കണക്കുകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെയുള്ള ശബരിമല ഭക്തരില്‍ ഭൂരിഭാഗവും ഗുരുവായൂര്‍ സന്ദര്‍ശിക്കാറുണ്ട്. കോടികളുടെ അധികവരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഇതിലൂടെ ലഭിക്കുന്നത്. ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്‍പായി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടില്ല. ഭക്തജനങ്ങളെ പിഴിഞ്ഞ് കോടികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുമ്പോഴും പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്താതെ വെല്ലുവിളിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.