ഗുരുവായൂര്‍ മോഡല്‍ പരാജയം; അനന്തപുരിയില്‍ വേണ്ട: ശശികല ടീച്ചര്‍

Wednesday 19 November 2014 11:05 pm IST

തലശ്ശേരി: കേരളത്തിലെ ഒരു ക്ഷേത്രവും ഇനി സര്‍ക്കാരിന്റെ അധീനതയിലാക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണ ജയന്തി രഥയാത്രയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സര്‍ക്കാറിന്റെ കണ്ണ് ഹിന്ദു ആരാധനാലയങ്ങളിലെ സ്വത്തിലാണ്. ഗുരുവായൂരില്‍ ഭരണം നടത്തി കൊള്ളയടിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പത്മനാഭ സ്വാമിക്ഷേത്ര നിധി കൈക്കലാക്കാന്‍ നോക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രഭരണ മോഡല്‍ വമ്പന്‍ പരാജയമാണെന്നു തെളിഞ്ഞുകഴിഞ്ഞതാണ്. ആ മോഡലില്‍ പത്മനാഭ സ്വാമി ക്ഷേത്രഭരണം നടത്തുമെന്നു പറയുന്നത് സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം വ്യക്തമാക്കുന്നതാണ്, അതു നടക്കാന്‍ അനുവദിക്കില്ല, ശശികല ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ അഡ്വ. അനുരാഗ് ടി. സി. സ്വാഗതം പറഞ്ഞു. രവീന്ദ്രന്‍ ചേലയില്‍ അദ്ധ്യക്ഷനായിരുന്നു. സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ബജ്‌രംഗദള്‍ സംസ്ഥാന സംയോജകന്‍ പി. ജി. കണ്ണന്‍, സ്വാമി പ്രേമാനന്ദ, സ്വാമി കൃഷ്ണാനന്ദ, സാധു വിനു സ്വാമി, വിഎച്ച്പി ജനറല്‍ സെക്രട്ടറി വി. മോഹനന്‍, യാത്രാ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ വിഎച്ച്പി ജോയിന്റ് സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ടി. രാജശേഖരന്‍, കെ.പി. ഹരിദാസ് സംസാരിച്ചു. ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ നാലിടത്തായിരുന്നു പ്രധാന സ്വീകരണ പരിപാടികള്‍. തളിപ്പറമ്പ്, കണ്ണൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി തലശ്ശേരിയില്‍ ഇന്നലെ യാത്ര സമാപിക്കുകയായിരുന്നു. കണ്ണൂരില്‍ ഭാഗ്യശീലന്‍ ചാലാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സമജ് കണ്ണൂര്‍ നന്ദി പറഞ്ഞു. മട്ടന്നൂരില്‍ വേലായുധന്‍ സ്വാഗതം പറഞ്ഞു. അഡ്വ. അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. ബജ്‌രംഗദള്‍ സംസ്ഥാന സംയോജകന്‍ പി. ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.