സൂരജിന് തണലൊരുക്കിയത് മുസ്ലിം ലീഗ്

Wednesday 19 November 2014 11:26 pm IST

കൊച്ചി: നാലുലക്ഷത്തില്‍ നിന്ന് കോടികളിലേക്കുള്ള വളര്‍ച്ച. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിക്ക് കയറിയ ടി.ഒ. സൂരജിന്റെ സാമ്പത്തിക വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന വേഗത്തില്‍. അതിന് തണലൊരുക്കിയതാവട്ടെ മുസ്ലിം ലീഗ് നേതൃത്വവും. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറുമ്പോള്‍ സൂരജിന് ഉണ്ടായിരുന്ന ആസ്തി കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. നാല് ലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരുന്നത്. ഒമ്പതു വര്‍ഷത്തെ ഫോറസ്റ്റ് സര്‍വ്വീസിനുശേഷം 1994 ലാണ് ഐഎഎസ് ലഭിക്കുന്നത്. തുടര്‍ന്ന് ജോലി നോക്കിയ ഇടങ്ങളിലെല്ലാം ഇയാള്‍ക്കെതിരേ അഴിമതിയാരോപണം ഉയര്‍ന്നു. പാല, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ആര്‍ഡിഒ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ കളക്ടര്‍, രജിസ്‌ട്രേഷന്‍ ഐജി, ടൂറിസം ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ കമ്മീഷണര്‍, ഒടുവില്‍ 2011 മുതല്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി. അധികാരത്തിന്റെ ഏതു ശ്രേണിയിലായിരിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തെ കൈയിലെടുക്കാന്‍ മിടുക്കനായിരുന്നു സൂരജ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിക്കാന്‍ സൂരജിന് തുണയായതും ഈ ബന്ധങ്ങളാണ്. ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് സൂരജ് ഉന്നതങ്ങളില്‍ അറിയപ്പെടുന്നത്. ലീഗ് അധികാരത്തിലെത്തുമ്പോഴെല്ലാം നിര്‍ണ്ണായകമായ വകുപ്പുകളുടെ ചുമതലകള്‍ സൂരജിനെ ഏല്‍പ്പിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചുപോന്നു. 2009 മുതല്‍ സൂരജിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്‍കം ടാക്‌സ്, വിജിലന്‍സ് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. എന്നിട്ടും 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ സൂരജിനെ പ്രമോഷനോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. സീനിയോറിട്ടി പോലും മറികടന്നുള്ള നിയമനം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചെങ്കിലും സര്‍ക്കാര്‍ അത് കാര്യമാക്കിയില്ല. ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മീഷണറായിരിക്കെയാണ് ഗുരുതരമായ ആരോപണങ്ങള്‍ സൂരജിനെതിരെ ഉയര്‍ന്നത്. കോഴിക്കോട് കളക്ടറായിരിക്കെ മാറാട് കേസില്‍ സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളാണ് സൂരജിനെ ലീഗ് നേതൃത്വത്തിന് വേണ്ടപ്പെട്ടവനാക്കിയത്. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് തോമസ്. പി.ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കളക്ടറായിരുന്ന സൂരജിനെതിരെ വ്യക്തമായ പരാമര്‍ശങ്ങളുണ്ട്്. കളക്ടര്‍ ഏകപക്ഷീയമായി പെരുമാറിയെന്നും പ്രതികളെ രക്ഷിക്കാന്‍ പരിശ്രമിച്ചെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക തലത്തില്‍ ഒരു നടപടിയുമുണ്ടായില്ല. വിവിധ തസ്തികകളിലിരിക്കെ നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്നെങ്കിലും ലീഗ് നേതൃത്വത്തിന്റെ സംരക്ഷണയില്‍ സൂരജ് അധികാരത്തിന്റെ ഇടനാഴികളില്‍ തഴച്ചുവളരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.