തീരദേശത്തെ അങ്കണവാടി കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

Thursday 20 November 2014 9:13 pm IST

തകര്‍ച്ചാ ഭീഷണി നേരിടുന്ന അങ്കവാടി കെട്ടിടം

അമ്പലപ്പുഴ: പഞ്ചായത്ത് ഭരണസമിതി കണ്ണടയ്ക്കുന്നു. 26 കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് 14-ാം വാര്‍ഡിലാണ് മേല്‍ക്കൂര തകര്‍ന്ന് ഏതുസമയവും നിലംപതിക്കാവുന്ന കെട്ടിടത്തില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കാല്‍നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകര്‍ച്ചാവസ്ഥയിലാണെന്ന് പഞ്ചായത്ത് എക്‌സി. എന്‍ജിനീയറും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.

എന്നിട്ടും കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനോ തകര്‍ന്ന കെട്ടിടം പുതുക്കിപ്പണിയുവാനോ പഞ്ചായത്ത് തയാറായിട്ടില്ല. സ്വന്തമായുള്ള മൂന്ന് സെന്റോളം സ്ഥലത്താണ് 64-ാം നമ്പര്‍ അങ്കണവാടി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് വേണ്ടി പണം അനുവദിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇതിന് പരിഹാരം കെട്ടിടം പൂര്‍ണമായും പൊളിച്ച് പുതിയത് നിര്‍മ്മിക്കുകയെന്നത് മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ അങ്കണവാടിയിലെ കുടിവെള്ള പൈപ്പുകളും പലതവണ നശിപ്പിക്കപ്പെട്ടു. ഇതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതും ഏറെ ബുദ്ധിമുട്ടിയാണ്. കെട്ടിടം തീരദേശത്തായതിനാല്‍ അപ്രതീക്ഷിതമായി അടിക്കുന്ന ശക്തമായ കാറ്റും ഭീഷണി ഉയര്‍ത്തുന്നു. സുനാമി ഫണ്ട് ഉപയോഗിച്ച് ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇവിടുത്തെ അങ്കണവാടിയെ ബന്ധപ്പെട്ടവര്‍ തഴയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.