ശരണമന്ത്രം പതിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു

Friday 21 November 2014 6:24 am IST

തിരുവനന്തപുരം: ശബരിമലയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ശരണ മന്ത്രം പതിപ്പിക്കാന്‍ പാടില്ലെന്ന ചീഫ് ഓഫീസില്‍ നിന്നും ഡിപ്പോകള്‍ക്കു നല്‍കിയ കര്‍ശന നിര്‍ദ്ദേശം മരവിപ്പിച്ചു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം മരവിപ്പിച്ചത്. ജീവനക്കാരും ഇതു സംബന്ധിച്ച് കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. പമ്പ സ്‌പെഷ്യല്‍ ബസ്സുകളില്‍ മറ്റ് യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് വിലക്കണമെന്ന ഹിന്ദുഐക്യവേദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് എംഡി ഉറപ്പുനല്കി. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസില്‍ അയ്യപ്പഭക്തരില്‍ നിന്നും അധിക തുക ഈടാക്കുന്നത് വിവാദമാവുകയും തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ചെയിന്‍ സര്‍വ്വീസില്‍ നിരക്ക് കുറയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് കെഎസ്ആര്‍ടിസി അയ്യപ്പഭക്തന്മാരോട് വിവേചനം കാണിക്കാന്‍ തുടങ്ങിയത്. അധികവരുമാനം നേടിയെടുക്കാനാണ് ശബരിമല സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ മറ്റ് യാത്രക്കാരെയും കയറ്റിത്തുടങ്ങിയത്. തിരുവനന്തപുരം പമ്പ റൂട്ടില്‍ തൊണ്ണൂറോളം ഫെയര്‍ സ്റ്റേജുകളുണ്ട്. ഇവിടെയെല്ലാം നിറുത്തി യാത്രക്കാരെ കയറ്റുന്നതില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ലാഭനഷ്ടക്കണക്ക് പറഞ്ഞ് ജീവനക്കാരുടെ വാദം മാനേജുമെന്റ് തടയുകയായിരുന്നു. ഈ വര്‍ഷം സര്‍വ്വീസ് നടത്തുന്ന മിക്ക ബസ്സിലും നാളിതുവരെ സ്വാമി ശരണം മാത്രം പതിപ്പിച്ചിട്ടില്ല. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ശരണമന്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. വിവാദ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഐക്യവേദി ജില്ലാ സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.