നിക്കരാഗ്വയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 18 മരണം

Thursday 13 October 2011 10:28 pm IST

നിക്കരാഗ്വ: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്‌ മധ്യ അമേരിക്കയിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 18 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗ്വാട്ടിമാലയില്‍ 13 ഉം നിക്കരാഗ്വയില്‍ നാലും എല്‍സാല്‍വഡോറില്‍ ഒരാളുമാണ്‌ കൊല്ലപ്പെട്ടത്‌. മണ്ണിടിച്ചിലില്‍ എട്ട്‌ പാലങ്ങള്‍ തകര്‍ന്നതുമൂലം ഗ്വാട്ടിമാല അപായ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. പേമാരിയുണ്ടായ മധ്യ അമേരിക്കയില്‍ ജോവ കൊടുങ്കാറ്റ്‌ പസഫിക്‌ തീരത്തിലൂടെ ആഞ്ഞടിച്ച്‌ നാശനഷ്ടങ്ങളുണ്ടാക്കുന്നു. കാറ്റില്‍ ഇതുവരെ നാലുപേരാണ്‌ കൊല്ലപ്പെട്ടത്‌. ഗ്വാട്ടിമാലയിലെ 12 നദികളിലെ ജലനിരപ്പ്‌ അപകടകരമാംവിധം ഉയര്‍ന്നതായി പ്രസിഡന്റ്‌ അറിയിച്ചു. റോഡുകള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധാപൂര്‍വം യാത്രചെയ്യാനും നദിയുടെ തടങ്ങളില്‍നിന്ന്‌ അകന്നുനില്‍ക്കാനും പ്രസിഡന്റ്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. വെള്ളപ്പൊക്കത്തില്‍ 4 പേര്‍ വൈദ്യുതാഘാതമേറ്റ്‌ മരിച്ചതായും പലരും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരിച്ചതായും അദ്ദേഹം അറിയിച്ചു. കനത്ത മഴ 48 മണിക്കൂര്‍ കൂടി നീണ്ടുനില്‍ക്കുമെന്ന്‌ ഗ്വാട്ടിമാല കാലാവസ്ഥാ നിരീക്ഷകന്‍ അറിയിച്ചു. മഴയില്‍ ഒരു മതില്‍ നിലംപൊത്തിയതിനടിയില്‍പ്പെട്ട്‌ എല്‍സാല്‍വഡോറില്‍ ഒരു 19 കാരി മരിച്ചു. 2000 ലധികം പേരെയാണ്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.