മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണം അവതാളത്തിലാക്കാന്‍ കമ്മീഷണറെ കുരിശിലേറ്റുന്നു

Friday 21 November 2014 6:02 am IST

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും കമ്മീഷണറെയും കുരിശിലേറ്റി ഭരണത്തെ അവതാളത്തിലാക്കാന്‍ ഒരു വിഭാഗം മെമ്പര്‍മാര്‍ ശ്രമിക്കുന്നതായി പരാതി. കുളംകലക്കി പരുന്തിനുകൊടുക്കുന്ന അവസ്ഥയിലാണ് ബോര്‍ഡിലെ കാര്യങ്ങള്‍. കെ.എ.ചന്ദ്രന്‍ പ്രസിഡന്റായതിനുശേഷം അദ്ദേഹത്തെ ഏതുവിധേനയും അടിക്കാനുള്ള വടിയുമായി നടക്കുകയാണ് ഇടതുപക്ഷ അംഗങ്ങള്‍. അതോടൊപ്പം കമ്മീഷണര്‍ കെ.രവികുമാറിനെതിരേയും ഇവര്‍ തിരിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് കെ.രവികുമാറിനെ ഒരു നിയമനത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരാണ് അദ്ദേഹത്തെ പിന്നീട് തിരിച്ചെടുത്തത്. ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ പ്രത്യേക താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി രവികുമാറിനെ ബലിയാടാക്കുകയാണ് ചെയ്തത്. കൊട്ടിയൂരിലെ ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് കമ്മീഷണറെ അകാരണമായി സസ്‌പെന്റ് ചെയ്തത്. ഇതിന്റെ പേരില്‍ അന്വേഷണം നടത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. കഴിവുള്ള ഉദ്യോഗസ്ഥനെന്ന് പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളയാളാണ് ഇദ്ദേഹം. അടുത്ത ഏപ്രിലില്‍ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുകയാണ്. പറയത്തക്ക യാതൊരു നേട്ടവും ഈ കാലത്തിനിടയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. യോഗങ്ങള്‍ പലപ്പോഴും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള വേദിയായി മാറുകയാണ്. അജണ്ടകള്‍ ചര്‍ച്ചചെയ്യാനുള്ള അവസരം ലഭിക്കാറില്ല. ട്രസ്റ്റി നിയമനവും സ്ഥലംമാറ്റവും ജോലിക്കാര്യങ്ങളുമായി യോഗം അവസാനിക്കും. എടുത്ത തീരുമാനങ്ങളാകട്ടെ പലപ്പോഴും നടപ്പാക്കാന്‍ കഴിയാറുമില്ല. യോഗങ്ങള്‍ ചെളിവാരിയെറിഞ്ഞ് അവസാനിപ്പിക്കുകയാണ്. ജീവനക്കാരുടെ നിയമനങ്ങള്‍ മെമ്പര്‍മാര്‍ അനധികൃതമായി നടത്തുന്നതിനെതിരെ കമ്മീഷണറും പ്രസിഡന്റും പരാമര്‍ശം നടത്തിയതാണ് ഇടതുമെമ്പര്‍മാരെ പ്രകോപിപ്പിക്കുന്നത്. പാലക്കാട്ടെ മാങ്ങോട്ടുകാവുപോലുള്ള ക്ഷേത്രങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യപ്പെടുന്നതുവരെ നിയമനം നടത്തരുതെന്ന് പറഞ്ഞിട്ടും, നിയമനം നടത്താതാണ് ഇടതു എംഎല്‍എമാരെ പ്രകോപിച്ചതത്രെ. ദേവസ്വം ഭൂമി കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിട്ടുപോലും ബോര്‍ഡ് മെമ്പര്‍മാരുടെ ഇടപെടല്‍ മൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരിക്കുകയാണ്. ഭണ്ഡാരം എണ്ണുമ്പോള്‍ ഉണ്ടാവുന്ന അഴിമതിയില്ലാതാക്കാന്‍ സിസിടിവി സ്ഥാപിക്കുന്നതിന് പല മെമ്പര്‍മാരും എതിരാണ്.ആഗസ്റ്റ് മാസത്തില്‍ ഒരു യോഗത്തിന്റെ അജണ്ട ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് പ്രതിപക്ഷാംഗങ്ങള്‍ പ്രസിഡന്റിനെയും കമ്മീഷണറേയും അധിക്ഷേപിക്കുകയുണ്ടായെന്ന് അറിയുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ദേവസ്വം സെക്രട്ടറിയുടെ ചേംബറില്‍ നടന്ന യോഗത്തിലും വാഗ്വാദമുണ്ടായി. കമ്മീഷണറുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഉത്തരം നല്‍കാന്‍ മെമ്പര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഒരു മാതൃകയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചെങ്കില്‍ മാത്രമേ മലബാറിലെ ക്ഷേത്രങ്ങള്‍ രക്ഷപ്പെടൂ എന്നാണ് ഭക്തരുടെ വിശ്വാസം. എ ഗ്രേഡ് ക്ഷേത്രങ്ങളില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താതെ കോടിക്കണക്കിന് രൂപയാണ് കെട്ടിക്കിടക്കുന്നത്. അതേസമയം സി, ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ജീവനക്കാര്‍ക്ക് ശമ്പളംപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. ഈ ബോര്‍ഡിന്റെ കാലാവധിയില്‍ നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ദുഃശാഠ്യം ചില മെമ്പര്‍മാര്‍ക്കുള്ളതായാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ജീര്‍ണോദ്ധാരണ തുകയ്ക്കുള്ള അപേക്ഷകളും ജീവനക്കാരുടെ ആനുകൂല്യപ്രശ്‌നങ്ങളും ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ നിയമനം നടന്നിട്ട് വര്‍ഷങ്ങളായി. ഒരാള്‍ക്കുതന്നെ നിരവധി ക്ഷേത്രങ്ങളുടെ ചുമതലയാണ്. ഇതുമൂലം ഭരണം യഥാസമയം പലര്‍ക്കും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല. കമ്മീഷണര്‍ക്ക് വ്യക്തിപരമായ ആവശ്യത്തിനുപോലും അവധിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അവധിയെടുത്താല്‍ സ്ഥലമാറ്റമാണെന്നും ചുമതലയൊഴിഞ്ഞെന്ന രീതിയിലുമാണ് പ്രചരണം നടക്കുന്നത്. കാര്യങ്ങള്‍ യഥാസമയം മുന്നോട്ടുകൊണ്ടുപോകണമെന്ന കമ്മീഷണറുടെ തീരുമാനങ്ങളെ അട്ടിമറിക്കാനാണ് ചില ബോര്‍ഡ് മെമ്പര്‍മാര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പ്രസിഡന്റിനെയും ക്രൂശിക്കുന്നു. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ഭക്തരുടെ ആവശ്യം. കാലാവധി തീരുന്നതിനുമുമ്പ് ബോര്‍ഡ് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ കമ്മീഷണര്‍ക്ക് അതിനുള്ള അധികാരം നല്‍കിയേ തീരൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.