ടുജി കേസന്വേഷണം: സിബിഐ ഡയറക്ടറെ മാറ്റി

Friday 21 November 2014 6:16 am IST

ന്യൂദല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്നും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീംകോടതി ഒഴിവാക്കി. പ്രതികള്‍ സിബിഐ ഡയറക്ടറെ വസതിയിലെത്തി സന്ദര്‍ശിച്ചെന്ന വെളിപ്പെടുത്തലുകള്‍ ശരിവെച്ചുകൊണ്ടാണ് പരമോന്നതകോടതിയുടെ നടപടി. അന്വേഷണം അട്ടിമറിക്കാന്‍ രഞ്ജിത് സിന്‍ഹ ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. സിന്‍ഹയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായതായി ദത്തു പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാം ശരിയായല്ല നടക്കുന്നത്. കൂടുതല്‍ വിശദമായ വിധിക്ക് മുതിരുന്നില്ല. സിബിഐ ഡയറക്ടര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥന്‍ കേസിന്റെ മേല്‍നോട്ടച്ചുമതല ഏറ്റെടുക്കണം. സ്വയം മാറിനില്‍ക്കുകയാണ് രഞ്ജിത് സിന്‍ഹ ചെയ്യേണ്ടത്. സിബിഐയുടെ സല്‍പ്പേര് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിരമിക്കാന്‍ പതിനൊന്ന് ദിവസംമാത്രം അവശേഷിക്കെ വന്ന കോടതി വിമര്‍ശനങ്ങള്‍ സിബിഐ ഡയറക്ടര്‍ക്ക് കനത്ത തിരിച്ചടിയായി. സിന്‍ഹയ്‌ക്കെതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. സിബിഐ ഡിഐജി സന്തോഷ് രസ്‌തോഗിയാണ് ഡയറക്ടറുടെ വീട്ടിലെ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ര ഞ്ജിത് സിന്‍ഹയുടെ അഭിഭാഷകന്‍ വാദിച്ചു. രേഖകള്‍ ചോര്‍ത്തിക്കൊടുത്ത പെരുച്ചാഴിയാണ് ഡിഐജി സന്തോഷ്. കേസന്വേഷണത്തില്‍ നിന്നും സന്തോഷിനെ മാറ്റണം. ഡയറക്ടര്‍ക്കെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചവയാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ സിബിഐ ഡയറക്ടര്‍ക്കെതിരായ നിലപാട് സ്വീകരിച്ചു. സിന്‍ഹ കേസന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാഗം കോടതി ശരിവെച്ചാല്‍ കേസില്‍ ഇതുവരെ സിബിഐ സ്വീകരിച്ച നിലപാടുകള്‍ക്കെതിരായി മാറുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇതോടെ സിന്‍ഹയുടെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെ സന്ദര്‍ശക പുസ്തകം കൈമാറിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചിട്ടുണ്ട്. സന്ദര്‍ശക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച എന്‍ജിഒ വിശ്വാസയോഗ്യമായ സ്ഥാപനമാണെന്നും കോടതി വിലയിരുത്തി. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലെ എന്‍ജിഒയാണ് കേസിലെ പ്രതികളുമായി സിബിഐ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവിട്ടത്. രഞ്ജിത് സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെ സന്ദര്‍ശന പുസ്തകവും എന്‍ജിഒ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ കോടതി മുറിയില്‍ നിന്നും ഇറക്കിവിട്ടു ന്യൂദല്‍ഹി: ടുജി കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, കോടതി മുറിയിലുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു. ഓഫീസില്‍ ജോലി ചെയ്യേണ്ട സമയത്ത് കോടതിമുറിയില്‍ അനാവശ്യമായി ഇരുന്നതിന്റെ പേരിലാണ് ഉദ്യോഗസ്ഥരെ ഇറക്കിവിട്ടത്. കേസ് പരിഗണിച്ച വേളയില്‍ എട്ടു സിബിഐ ഉദ്യോഗസ്ഥര്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നു. എന്തിനാണ് ഇത്രമാത്രം ഉദ്യോഗസ്ഥര്‍ വന്നിരിക്കുന്നതെന്നും വെറുതെ സമയം പാഴാക്കാതെ ഓഫീസില്‍ പോയി ജോലിചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് എച്ച.എല്‍. ദത്തു നിര്‍ദേശിച്ചു. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അനുകൂലിച്ചു സംസാരിച്ച സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക് തിവാരിക്കും കോടതിയുടെ ശകാരം കേള്‍ക്കേണ്ടിവന്നു. മേലുദ്യോഗസ്ഥനെതിരായ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ജോയിന്റ് ഡയറക്ടറോട് നിങ്ങള്‍ സിബിഐ ഡയറക്ടറുടെ ഏജന്റാകേണ്ടെന്നും സിന്‍ഹയുടെ വക്താവല്ല താങ്കളെന്നും കോടതി തുറന്നടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.