ജനറം കുടിവെള്ള പദ്ധതി പുതുവര്‍ഷാരംഭത്തില്‍ കമ്മീഷന്‍ ചെയ്യും

Thursday 20 November 2014 11:23 pm IST

മരടിലെ ജല ശുദ്ധീകരണ പ്ലാന്റ് നഗരകാര്യ മന്ത്രി മഞ്ഞളാം കുഴി അലി സന്ദര്‍ശിക്കുന്നു

കൊച്ചി: നഗരത്തിലും സമീപപ്രദേശങ്ങളിലും ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്ന ജനറം പദ്ധതി പുതുവത്സരസമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. പ്രതിദിനം നൂറ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതോടെ ലഭ്യമാകുക. കൊച്ചി നഗരമേഖലയില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി മൂലം അധികമായി കിട്ടുക. മരട് നഗരസഭ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളാണ് പദ്ധതിയുടെ മറ്റ് ഗുണഭോക്താക്കള്‍.

ജനറം പദ്ധതിയുടെ ഭാഗമായി മരടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധജല സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, കൗണ്‍സിലര്‍ എം. ബി. മുരളീധരന്‍, മരട് നഗരസഭ ചെയര്‍മാന്‍ അഡ്വ. ദേവരാജന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആന്റണി ആശാന്‍പറമ്പില്‍, അബ്ദുള്‍ മജീദ് മാസ്റ്റര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മരടിലെ വെല്‍കം പമ്പ് ഹൗസ്, പമ്പ് സെറ്റുകള്‍, ട്രാന്‍സ്‌ഫോമറുകള്‍, നദീജലം എത്തിക്കുന്നതിനുള്ള പമ്പിങ് ലൈന്‍, സമ്പ്, ഗ്രാവിറ്റി മെയിനുകള്‍, ശുദ്ധീകരണശാല എന്നിവ ഇതിനകം പണി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. മരട് പ്ലാന്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലെ സംഭരണികളിലേക്കുള്ള പമ്പിങ് മെയിനുകള്‍ സ്ഥാപിക്കുന്ന ജോലിയും 90 ശതമാനത്തോളം പൂര്‍ത്തീകരിച്ചു. ഇതില്‍ കുമ്പളത്തേക്ക് ഇപ്പോള്‍ തന്നെ ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ട്. അരൂര്‍, ചെല്ലാനം സംഭരണികളിലേക്കുള്ള പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കാന്‍ അരൂര്‍ റെയില്‍വെ ക്രോസിങില്‍ പൈപ്പിടണം.

ഇതിനുള്ള അനുമതി ഉടനെ ലഭിക്കും. തമ്മനത്തേക്കുള്ള നാലാം റീച്ച് പൈപ്പ് ലൈനില്‍ രണ്ടറ്റത്തും 30 മീറ്റര്‍ വീതം പൈപ്പ് സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ആയിരം കെവിഎ വൈദ്യുതി കണക്ഷനാണ് മരട് പ്ലാന്റിലേക്ക് വേണ്ടത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അനുമതിയും കണക്ഷനും ലഭ്യമായാല്‍ മരട്, കുമ്പളം ഭാഗങ്ങളിലേക്ക് പമ്പിങ് നടത്താന്‍ കഴിയും. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനും മരട് പ്ലാന്റില്‍ സൗകര്യമൊരുക്കും. 2007ല്‍ തുടക്കത്തിലാണ് ജനറം പദ്ധതി ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.