ജലനിരപ്പ് 142 ലേക്ക്

Friday 21 November 2014 10:32 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിക്ക് തൊട്ടടുത്ത്. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ 141.9 അടിയായിരുന്നു ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മൂന്ന് ദിവസമായി മഴപെയ്യുന്നില്ലെങ്കിലും വൈഗ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത് രണ്ട് നാളുകളായി തമിഴ്‌നാട് നിര്‍ത്തിവച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പ്രതിനിധിയും സൂപ്പര്‍വൈസറി അംഗവുമായ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ ഇന്നലെ വൈകിട്ട് ഡാം സന്ദര്‍ശിച്ചു. വൈകിട്ടോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുമെന്നാണ് അറിയിച്ചതെങ്കിലും 142 അടിയില്‍ എത്തുമ്പോഴെ വെള്ളം കൊണ്ടുപോകാന്‍ സാധ്യതയുള്ളുവെന്ന് അദ്ദേഹം പിന്നീട് അറിയിച്ചു. തേനി കളക്ടര്‍ പളനിച്ചാമിയും ഡാമിലെത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മനസിലാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. വനം വകുപ്പ് മേധാവി വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പരിശോധന. രണ്ടായിരത്തോളം ഏക്കര്‍ വനഭൂമിയാണ് വെള്ളത്തിനടിയിലായത്. ജലനിരപ്പേറുന്ന പശ്ചാത്തലത്തില്‍ ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 20 കുടുംബങ്ങളടങ്ങിയ ആറ് ക്ലസ്റ്ററുകള്‍ക്ക്  സ്ഥിരംസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു. തോട്ടമുടമകളുടെ സഹകരണത്തോടെ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടങ്ങളുടെ അതിരുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ വേലികള്‍ ആവശ്യമായ അളവില്‍ നീക്കംചെയ്യും. സുരക്ഷാ വേലികള്‍ നീക്കംചെയത് അവിടെ ചെറിയ ഗേറ്റുകള്‍ സ്ഥാപിക്കും. ഇവയ്ക്ക് രണ്ട് താക്കോലുകളുണ്ടാവും. ഒരു താക്കോല്‍ തോട്ടമുടമയുടെ പക്കലും ഒരെണ്ണം തഹസില്‍ദാര്‍മാരുടെ കൈവശവുമായിരിക്കും.  അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കൂ. പൂമാല, രത്തന്‍, വഞ്ചിമല എന്നീ എസ്‌റ്റേറ്റുകളില്‍ അതാത് വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സുരക്ഷാവേലികള്‍ നീക്കം ചെയ്യുന്നതിന്റെ മറവില്‍ കയ്യേറ്റമുണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടവും ശക്തമായ നിലപാട് കൈക്കൊള്ളും. ദുരന്ത നിവാരണ ഉപകരണങ്ങളുടെ കണക്കെടുക്കും തോട്ടമുടമകളുടെ കൈവശമുള്ള ദുരന്ത നിവാരണ സംവിധാനങ്ങളുടെ പട്ടിക തയ്യാറാക്കി അടിയന്തരമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര ഘട്ടത്തില്‍, തങ്ങളുടെ പക്കലുള്ള വാഹനങ്ങള്‍, ലൈറ്റുകള്‍, ക്രെയിന്‍, ജെസിബി, ഡിസ്‌പെന്‍സറികള്‍, മരുന്നുകള്‍ എന്നിവ നല്‍കുമെന്ന് തോട്ടമുടമകള്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. സൈറണ്‍ മുഴക്കും അപായ സൂചനയായി സൈറണ്‍ മുഴക്കും. മൂങ്കലാര്‍, അരണിയ്ക്കല്‍, വാളാടി എസ്റ്റേറ്റുകളിലെ ഫാക്ടറി സൈറണുകള്‍ അപായ സൂചന നല്‍കാനായി ഉപയോഗിക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി രണ്ട് മിനിറ്റ് തുടര്‍ച്ചയായി സൈറണ്‍ മുഴക്കും. രണ്ട് മിനിറ്റ് ഇടവിട്ട് സൈറണ്‍ മുഴക്കല്‍ ആവര്‍ത്തിക്കും. ഇത് മുന്നറിയിപ്പായി കണക്കാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.