മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു

Friday 21 November 2014 10:28 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴപെയ്തതോടെയാണ് ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് നിര്‍ദ്ദേശം നല്‍കി. ഷട്ടറുകള്‍ തുറക്കുന്നതോടെ നാശനഷ്ടങ്ങള്‍ സംഭവിക്കാനിടയുള്ള പെരിയാര്‍ തീരത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മഴ ശക്തമായാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കുന്നത് പരിഗണിക്കു എന്ന നിലപാടിലാണ് തമിഴ്‌നാട്. ഡാം സുരക്ഷിതമാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിനായി 142ലെത്തിയ ജലനിരപ്പ് അതുപോലെ തന്നെ നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം നിറയ്ക്കുന്നതിനായി ഇന്നലെ രാവിലെ വെള്ളം കൊണ്ടു പോകുന്നത് പൂര്‍ണ്ണമായും തമിഴ്‌നാട് നിറുത്തിവച്ചിരുന്നു. രാത്രി ഒമ്പതോടെ 80ഘനയടി വെള്ളം കൊണ്ടുപോയി തുടങ്ങിയിരുന്നു ജലനിരപ്പ് 142 അടിയിലെത്തിയ ഉടന്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1400 ഘനയടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മുതല്‍ 1500 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായതായി ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.