മുലായത്തിന്റെ പിറന്നാളിനായി ഒഴുകിയത് ഭീകര അധോലോക സംഘങ്ങളുടെ പണം

Friday 21 November 2014 3:54 pm IST

രാംപൂര്‍: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗിന്റെ പിറന്നാള്‍  ആഘോഷങ്ങള്‍ക്കായി പണം ഒഴുകിയത് ഭീകര അധോലോക സംഘങ്ങളില്‍ നിന്നെന്ന് വെളിപ്പെടുത്തല്‍. മുലായത്തിന്റെ 75ാം പിറന്നാള്‍ ആഘോഷത്തിന് ദാവൂദ് ഇബ്രാഹിം, താലിബാന്‍ ഭീകരര്‍, അബു സലീം എന്നിവര്‍ പണം മുടക്കിയെന്ന വെളിപ്പെടുത്തലുമായി യുപി മന്ത്രി അസം ഖാനാണ് രംഗത്തെത്തിയിരിക്കുന്നത്. അസം ഖാന് ശക്തമായ വേരോട്ടമുള്ള രാംപൂറിലായിരുന്നു രണ്ടു ദിനമായി നടന്ന പിറന്നാള്‍ ആഘോഷം കൊണ്ടാടിയത്. 22നായിരുന്നു മുലായത്തിന്റെ പിറന്നാള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും നേതാജി കുടംബത്തേയും കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖരും വിദേശത്തു നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് വിറ്റോറയയില്‍ നിന്നുള്ള ചെറിയ തരം വാഹനത്തിലാണ് മുലായം ചടങ്ങിലെത്തിയത്. മുലായത്തിന്റെ പിറന്നാളിന് വേണ്ടി മാത്രം പ്രത്യേകം ഇറക്കുമതി ചെയ്തതാണ് ഈ വാഹനം. വാഹനത്തിലൂടെയുള്ള മുലായത്തിന്റെ യാത്രയ്ക്കിടെ നിരവധി സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഏകദേശം മൂന്ന് മണിയോടെയാണ് മുലായം ചടങ്ങിലെത്തിയത്. പ്രശസ്ത ഗായകരായ ഹാന്‍സ് രാജ് ഹാന്‍സ്, ശബരി സഹോദരന്‍മാര്‍ എന്നിവരുടെ പരിപാടികളും പിറന്നാളിന് കൊഴുപ്പേകി. 75 അടി നീളം വരുന്ന കേക്കായിരുന്നു ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചടങ്ങിനെ തുടര്‍ന്ന് രാംപൂറില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ചടങ്ങിലേക്കുള്ള വേദിയിലേക്ക് 100 ഗെയ്റ്റുകളാണ് സജ്ജീകരിച്ചിരുന്നത്. വമ്പന്‍ ജനാവലിയെ സ്വീകരിക്കുന്നതിനായി 84 ചതുരശ്ര കിലോമീറ്ററിലായിട്ടാണ് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. അതിഥികള്‍ക്കായി 10 ഹോട്ടലുകളാണ് ബുക്ക് ചെയ്തിരുന്നത്. എംപി, എംഎല്‍എ, ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സംഘം ബെറൈലിയിലാണ് തങ്ങിയിരുന്നത്‌. 20 ഇനോവ കാറുകളോടൊപ്പം ചുവന്ന ബീക്കണ്‍ ലൈറ്റുകളടങ്ങിയ 32 അംബാസിഡര്‍ കാറുകളും സജ്ജീകരിച്ചിരുന്നെന്ന് രാംപൂര്‍ മജിസ്‌ട്രേറ്റ് രാം സിംഗും വ്യക്തമാക്കുന്നു. ചടങ്ങിന്റെ സുരക്ഷയ്ക്കായി രണ്ട് എസ്പി റാങ്ക് ഉദ്യോഗസ്ഥര്‍, 27 ഡപ്യൂട്ടി എസ്പിമാര്‍, 1200 കോണ്‍സ്റ്റബിള്‍സ് എന്നിവരേയും നിയോഗിച്ചിരുന്നു. ചടങ്ങിനോടനുബന്ധിച്ച് രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ പോലും അവധിയായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധയമായ കാര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.