അമര്‍നാഥ്‌

Saturday 8 April 2017 4:48 pm IST

ശ്രീനഗറില്‍ നിന്ന്‌ പഹല്‍ഗാമിലേക്കുള്ള ബസില്‍ ഇവിടെ എത്താം. ഇവിടെ നിന്ന്‌ അമര്‍നാഥിലേക്കുള്ള യാത്ര ആരംഭിക്കുന്നതേ ഉള്ളൂ. പ്രധാനയാത്ര ശ്രാവണമാസത്തിലെ വെളുത്ത വാവിന്‍നാളാണ്‌ നടക്കുന്നത്‌. ആഷാഢത്തിലെ പൂര്‍ണിമയ്ക്കും ഉത്സവമുണ്ട്‌. എന്നാല്‍ ജൂണ്‍ പതിനഞ്ചിനു ശേഷം എന്നു വേണമെങ്കിലും യാത്ര ചെയ്യാവുന്നതാണ്‌. സെപ്റ്റംബര്‍ വരെ ദിവസംതോറും യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്‌. ഒരുക്കങ്ങള്‍ : അമര്‍നാഥിലേക്കുള്ള യാത്ര ഏറ്റവും ചെറുതും സുഗമമവും മഞ്ഞു നിറഞ്ഞ ദിക്കിലൂടെ ഉള്ളതുമാണ്‌. ഈ യാത്രമൂലം മഞ്ഞു നിറഞ്ഞ ദിക്കിലൂടെയുള്ള യാത്രയുടെ ഒളി മങ്ങാത്ത അനുഭവം യാത്രക്കാരില്‍ ഉണ്ടാവും. ഒരു സെറ്റ്‌ കമ്പിളി, സ്റ്റോക്കിംഗ്സ്‌, ചെവിമറച്ചു വയ്ക്കാവുന്ന കമ്പിളിത്തൊപ്പി, ചൂടു ലഭിക്കുന്ന കോട്ട്‌, വെയിലത്തു ഉപയോഗിക്കാവുന്ന കണ്ണട, കമ്പിളികൊണ്ടുള്ള കയ്യുറ, ഒരു വടി, മൂന്നു കമ്പിളി, മഴക്കോട്ടും തൊപ്പിയും, ടോര്‍ച്ച്‌, അല്‍പം ഉണങ്ങിയ ആലൂബുഖാര (ഒരു തരം പഴം) ഇത്രയും യാത്രയ്ക്ക്‌ ആവശ്യമുള്ള സാധനങ്ങളാണ്‌. ആഹാരസാധനങ്ങള്‍ കൊണ്ടുപോകണമെന്നില്ല. വഴിക്ക്‌ അവിടവിടെ ഇഷ്ടാനുസരണം കിട്ടാനുണ്ട്‌. പഹല്‍ഗാമില്‍ നിന്നും സവാരിക്കുതിരയും കൂലിക്കാരനോ സാധനങ്ങള്‍ വഹിക്കാവുന്ന കഴുതയോ കൂടി കരുതിയിരിക്കണം. ശ്രീനഗറില്‍ നിന്നും അമര്‍നാഥ്‌ യാത്രക്കാര്‍, കയറുകൊണ്ടുള്ള ചെരിപ്പ്‌, പുകയ്ക്കാനുള്ള തിരി, വാസ്ലേന്‍, തേങ്ങ, തീപ്പെട്ടി ഇവ കൊണ്ടു പോകണം. ഇവയ്ക്ക്‌ ഗുഹയില്‍ ഉപയോഗമുണ്ട്‌. പൂജയ്ക്കു വേണ്ടുന്ന ചുവന്നപൊടി, വസ്ത്രം, പേഡ (ഒരു തരം പലഹാരം) മുതലായവയും ശ്രീനഗറില്‍ നിന്നു തന്നെ സംഭരിക്കണം. വഴി - പഹ്ലഗാമില്‍ നിന്നും എട്ടുകിലോമീറ്റര്‍ ചെന്നാല്‍ ചന്ദന്‍വാഡിയായി. ഇവിടെ വരെ വഴി നല്ലതാണ്‌. ഇവിടെ നല്ല ഹോട്ടലുമുണ്ട്‌. ചന്ദന്‍വാഡിയില്‍ നിന്ന്‌ ഏഴുകിലോമീറ്റര്‍ ചെന്നാല്‍ ശേഷനാഗ്‌. ഇവിടെ ഒരു പോസ്റ്റോഫീസുണ്ട്‌. ഏഴുകിലോമീറ്റര്‍ വഴിയില്‍ മൂന്നുകിലോമീറ്ററും കഠിനമായ കയറ്റമാണ്‌. ഇവിടെ ഒരു ഹോട്ടലുണ്ട്‌. ശേഷനാഗ്‌ അരുവിയുടെ മനോഹാരിത അനുപമമാണ്‌. കണ്ടു മനസ്സിലാക്കേണ്ടതാണ്‌. ശേഷനാഗില്‍ നിന്നും എട്ടരകിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ പഞ്ചതരണിയില്‍ ചെല്ലാം. ഈ വഴി മുഴുവന്‍ തന്നെയും മഞ്ഞു മൂടിയതാണ്‌. ഇവിടെ വെയില്‍ ശക്തമാകുന്നതോടെ നിറമുള്ള കണ്ണട ധരിച്ചുവേണം നടക്കാന്‍. ഇല്ലെങ്കില്‍ കണ്ണുകള്‍ക്കു വേദനയുണ്ടാകും. ചുറ്റിക്കറങ്ങിപ്പോകേണ്ടതായ ദിക്കില്‍ വരുമ്പോള്‍ വായില്‍ അല്‍പം പുളി ഇടുക. കൈയിലും മുഖത്തും വാസ്ലേന്‍ പുരട്ടുക. അല്ലെങ്കില്‍ മഞ്ഞുകട്ടിമൂലം മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്‌. ഇവിടെ ഒരു വരാന്തയ്ക്കു തുല്യമായ താവളമുണ്ട്‌. പഞ്ചതരണിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കൂടി ചെന്നാല്‍ അമര്‍നാഥിലെത്താം. ഇവിടെ തീര്‍ത്ഥാടകര്‍ക്കു താമസസൗകര്യം ഇല്ല. താമസത്തിന്‌ പഞ്ചതരണിലേക്കും തിരിച്ചുപോകണം. അമരനാഥ്‌ സമുദ്രനിരപ്പില്‍ നിന്നും പതിനാറായിരം അടി ഉയരത്തിലാണ്‌. ഇവിടത്തെ പര്‍വ്വതത്തില്‍ അറുപതടി നീളമുള്ളതും മുപ്പതടി വീതിയുള്ളതും പതിനഞ്ചടി ഉയരമുള്ളതുമായ ഒരു ഗുഹയുണ്ട്‌. ഇതില്‍ അങ്ങിങ്ങായി ജലം തുള്ളിതുള്ളിയായി വീണുകൊണ്ടിരിക്കുന്നു. ഗുഹയില്‍ പ്രകൃത്യാ ഉള്ള മഞ്ഞുകട്ടയുടെ ചതുരത്തറയില്‍ മഞ്ഞുകട്ടിയിലുള്ള ശിവലിംഗം കാണാം. ഗുഹയ്ക്കു താഴെ അമര്‍ഗംഗ എന്ന നദിയുണ്ട്‌. നദീജലത്തില്‍ സ്നാനം ചെയ്ത്‌ ചെരുപ്പുമാറ്റി കയര്‍ ചെരുപ്പു ധരിച്ച്‌ വീണ്ടും പോവാം. ഗുഹയില്‍ ഒരിടത്ത്‌ ഭസ്മം പോലെ വെളുത്ത മണ്ണ്‌ ഉണ്ടാവുന്നുണ്ട്‌. അത്‌ തീര്‍ത്ഥാടകര്‍ പ്രസാദമായി എടുത്തുകൊണ്ടുപോവുന്നു. പ്രധാന ഹിമലിംഗം കൂടാതെ രണ്ടു ചെറിയ ലിംഗങ്ങള്‍ കൂടി ഉണ്ട്‌. അവ പാര്‍വ്വതിയും ഗണപതിയുമാണെന്നു പറയുന്നു. ഈ പാര്‍വ്വതീപീഠം അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്‌. ഇവിടെ സതീദേവിയുടെ കണ്ഠം വീണതാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ കയര്‍ചെരിപ്പു ധരിച്ചു ശിവലിംഗത്തിനടുത്തു ചെന്നു പൂജനടത്താം. ഭ്രാന്തമായ ധാരണ - മുന്‍പറഞ്ഞ ഹിമലിംഗം കറുത്തവാവിന്‍നാള്‍ കാണുകയില്ല. വെളുത്തവാവിന്‍ നാള്‍ പൂര്‍ണ്ണരൂപത്തില്‍ കാണാം. ചന്ദ്രനെപ്പോലെ കറുത്തപക്ഷത്തില്‍ ചെറുതായും വെളുത്തപക്ഷത്തില്‍ വലുതായും വരും. ഇങ്ങനെയെല്ലാം ചിലരുടെയിടയില്‍ ധാരണയുണ്ട്‌. അതെല്ലാം ഭ്രാന്തമായ ധാരണയാണ്‌. ഹിമലിംഗങ്ങള്‍ എല്ലായ്പ്പോഴും ഒരേ രൂപത്തില്‍തന്നെ ആയിരിക്കും. വേനല്‍ക്കാലത്ത്‌ അല്‍പം കുറഞ്ഞുപോയേക്കാം. ഗുഹയില്‍ ഒരു ജോഡി മാടപ്രാവുകള്‍ മാത്രം വസിക്കുന്നു എന്നു പറയുന്നതും ശരിയല്ല. പലപ്രാവശ്യം പല ജോഡി മാടപ്രാവുകളെ പലരും കണ്ടിട്ടുള്ളതായി പറയുന്നു. മണികര്‍ണ്ണിക ഈ സ്ഥലം കാശ്മീരിലെ സുപ്രസിദ്ധമായ കുലു താഴ്‌വരയിലെ പാര്‍വ്വതീതാഴ്‌വര എന്ന സ്ഥലത്താണ്‌. പത്താന്‍കോട്ടുനിന്നോ ചണ്ഡീകഢില്‍ നിന്നോ കുലു - മനാലിയിലേക്കു ബസ്‌ സര്‍വ്വീസുണ്ട്‌. എവിടെ നിന്നു വന്നാലും മാണ്ഡിയില്‍ വന്നിട്ടുവേണം പോവാന്‍. കുലുവില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അപ്പുറം ഭൂമിക്കടിയില്‍ ഒരു മാര്‍ക്കറ്റുണ്ട്‌. ഇവിടെ നിന്നും മണികര്‍ണ്ണികയിലേക്ക്‌ ടാക്സി പോവുന്നുണ്ട്‌. മണികര്‍ണ്ണികയിലെ ഉമാമഹേശ്വരക്ഷേത്രം പ്രധാനമാണ്‌. ഇവിടെ പാര്‍വ്വതീനദീ തീരത്തും അതിലെ ജലപ്രവാഹത്തിനുള്ളിലും നിന്ന്‌ പമ്പില്‍നിന്നെന്നപോലെ ഉഷ്ണജലം ബഹിര്‍ഗമിക്കുന്നുണ്ട്‌. എപ്പോഴും പാര്‍വ്വതീനദിയിലെ ജലം തണുത്തു തന്നെയിരിക്കും. ഇവിടെ ഈ ഉഷ്ണജലപ്രവാഹം രണ്ടു രണ്ടരക്കിലോമീറ്റര്‍ സ്ഥലത്തു പല ദിക്കിലും കാണാം. ഉരുളക്കിഴങ്ങും അരിയും മറ്റും വേവിക്കാന്‍തക്ക ചൂടുള്ളതാണ്‌ ഇവിടെ ഉണ്ടാവുന്ന ഉഷ്ണജലം. മണികര്‍ണ്ണികയില്‍ ഒരു ചെറിയ ക്ഷേത്രവും പോസ്റ്റോഫീസുമുണ്ട്‌. ഗ്രാമത്തിനടുത്ത്‌ ചില കുണ്ഡങ്ങളും കാണാം. ഗ്രാമത്തില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. നദീതീരത്തെ ഉഷ്ണജലപ്രവാഹം കുളിക്കാന്‍ പാകത്തില്‍ ശീതികരിച്ചു തയ്യാര്‍ ചെയ്തിട്ടുണ്ട്‌. ഇവിടെ തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള സകല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. - സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ