സൂരജിനെതിരായ കേസ്: പരിശോധനാ വിശദാംശ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

Friday 21 November 2014 9:07 pm IST

തൃശൂര്‍: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരായ അനധികൃത സ്വത്ത് കേസില്‍ പരിശോധനയുടെ വിശദറിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. 140 രേഖകള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ പരിശോധനയിലൂടെ വിജിലന്‍സ് കണ്ടെത്തിയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള വസതികള്‍, ഭൂമി ഇടപാടുകള്‍, പണം എന്നിവയും രേഖകളായി നല്‍കിയിട്ടുണ്ട്. അഞ്ചിടത്ത് അഞ്ച് സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയെന്നതിനാല്‍ ഇവര്‍ പ്രത്യേകം കോടതിയിലെത്തിയായിരുന്നു ഇവ ഹാജരാക്കിയത്. ഉച്ചക്ക് മുമ്പ് രണ്ട് സംഘവും ഉച്ചക്ക് ശേഷം മൂന്ന് സംഘവുമെത്തി. വ്യാഴാഴ്ച പരിശോധനയുടെ കരട് റിപ്പോര്‍ട്ട് കോടതിയിലെത്തിച്ചിരുന്നു. പൂര്‍ണ്ണ റിപ്പോര്‍ട്ടിന് സംഘം സമയം തേടിയിരുന്നുവെങ്കിലും കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇന്നലെ റിപ്പോര്‍ട്ട് എത്തിച്ചത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ എസ്പി കെ.എം.ടോമിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു സൂരജിന്റെ വസതികളിലും ഓഫീസുകളിലുമായി പരിശോധന നടത്തിയത്. 10 ബാങ്ക് പാസ് ബുക്കുകള്‍, ചെക്ക് ബുക്കുകള്‍, വസ്തു ഇടപാട് രേഖകള്‍, അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തിയ ഫയലുകള്‍ എന്നിവക്ക് പുറമെ റിലയന്‍സുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന സുപ്രധാന രേഖയും സമര്‍പ്പിച്ചവയിലുണ്ട്. അടുത്ത ദിവസം റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി നടപടികളിലേക്ക് കടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.