വിദേശ സുവിശേഷകന്‍ മുങ്ങിയത്‌ പോലീസ്‌ ഒത്താശയോടെ

Thursday 13 October 2011 10:54 pm IST

കൊച്ചി: നിയമം ലംഘിച്ച്‌ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കന്‍ സുവിശേഷകന്‍ മുങ്ങിയത്‌ പോലീസ്‌ ഒത്താശയോടെ. വിനോദസഞ്ചാര വിസയില്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീയാണ്‌ വിസാചട്ടം ലംഘിച്ച്‌ സുവിശേഷ പ്രസംഗം നടത്തിയത്‌. ബുധനാഴ്ച രാത്രിയാണ്‌ സംഭവം. തിരുവല്ല ആസ്ഥാനമായുള്ള ഫെയ്ത്ത്‌ ലീഡേഴ്സ്‌ എന്ന സംഘടന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തിവന്ന മ്യൂസിക്കല്‍ സ്പ്ലാഷ്‌ 2011 എന്ന പരിപാടിയുടെ മറവിലാണ്‌ സുവിശേഷ പ്രചരണം അരങ്ങേറിയത്‌. വില്യം ലീയും സംഘവും മതപ്രചരണം നടത്തുന്നതറിഞ്ഞെത്തിയ പോലീസ്‌ സുവിശേഷ പ്രസംഗം നിര്‍ത്തിക്കുകയും ഇയാളുടെ വിസാരേഖകള്‍ പരിശോധിക്കുകയും ചെയ്തു. അതോടെയാണ്‌ ഇയാള്‍ വിനോദസഞ്ചാര വിസയിലാണ്‌ എത്തിയതെന്ന്‌ മനസ്സിലായത്‌. വിസാചട്ടലംഘനത്തിന്‌ ഇയാള്‍ക്കെതിരെ പോലീസ്‌ കേസ്സെടുക്കുകയും ചെയ്തു. എന്നാല്‍ ഇയാളെ അറസ്റ്റ്‌ ചെയ്യാതെ രക്ഷപ്പെടുവാന്‍ പോലീസ്‌ അവസരമൊരുക്കിയതായാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. അമേരിക്കന്‍ സംഘത്തെ പിടികൂടുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ പറയുമ്പോഴും പോലീസ്‌ നടപടികളില്‍ ദുരൂഹതയുണ്ട്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നിയമവിരുദ്ധ മതപ്രചരണത്തിന്റെ മറവില്‍ ഒരു അമേരിക്കന്‍ സുവിശേഷകന്‍ അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കുവാനും ഇയാളെ രക്ഷപ്പെടുത്തുവാനും ഉന്നതതല ഇടപെടലുകള്‍ ഉണ്ടായതായും പറയുന്നു. വിസാചട്ടം ലംഘിച്ച്‌ സംസ്ഥാനത്ത്‌ മതപ്രചാരണം നടത്തിയ വിദേശികളെ നേരത്തെയും പോലീസ്‌ രക്ഷിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഫെയ്ത്ത്‌ ലീഡേഴ്സ്‌ എന്ന സംഘടന മ്യൂസിക്കല്‍ പരിപാടിയ്ക്കായിട്ടാണ്‌ അനുമതി വാങ്ങിയത്‌. എന്നാല്‍ ഇതിന്റെ മറവില്‍ അരങ്ങേറിയത്‌ മതപ്രചാരണവുമായിരുന്നു. മതപ്രഭാഷണ പരിപാടികള്‍ക്കായി കോടികളാണ്‌ വിദേശങ്ങളില്‍ നിന്നും ഇവര്‍ക്ക്‌ ഒഴുകിയെത്തുന്നതത്രെ. ലീയുടെ പരിപാടിക്കായും ഇത്തരത്തില്‍ കോടികള്‍ ലഭിച്ചിട്ടുണ്ടത്രേ. ലീയ്ക്ക്‌ താമസിക്കുവാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സൗകര്യമാണ്‌ ഒരുക്കിയിരുന്നത്‌. ലക്ഷങ്ങള്‍ വാരിവിതറിയാണ്‌ കലൂര്‍ സ്റ്റേഡിയത്തില്‍ ഫെയ്ത്ത്‌ ലീഡേഴ്സ്‌ പരിപാടി സംഘടിപ്പിച്ചത്‌. വന്‍തുക മുടക്കിയാണ്‌ പരിപാടിക്കായി പന്തല്‍ നിര്‍മ്മിച്ചത്‌. തികച്ചും ആഡംബരരീതിയിലായിരുന്നു സംവിധാനങ്ങളെല്ലാം തന്നെ. ലൈറ്റിംഗ്‌ സംവിധാനത്തിന്‌ തന്നെ വന്‍ തുകയാണ്‌ മുടക്കിയിരിക്കുന്നത്‌. ഫെയ്ത്ത്‌ ലീഡേഴ്സിനെതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഇവരുടെ ധനസ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.