സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം വിഎസിന്റെ ജന്മനാട്ടില്‍ സമ്മേളനം പൂര്‍ത്തിയാക്കാനായില്ല

Saturday 22 November 2014 10:42 am IST

ആലപ്പുഴ: വി.എസ്.അച്യുതാനന്ദന്റെയും ജി.സുധാകരന്‍ എംഎല്‍എയുടെയും സ്വന്തം നാട്ടില്‍ വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സമ്മേളനം പൂര്‍ത്തിയാക്കാനായില്ല. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടാന്‍ നീക്കമാരംഭിച്ചിട്ടുമുണ്ട്. അച്യുതാനന്ദന്റെ ജന്മനാടായ പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനമാണ് മുടങ്ങിയത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായതാണ് കാരണം. കഴിഞ്ഞ സമ്മേളന സമയത്ത് വിഎസ് പക്ഷത്ത് നിന്ന് പിണറായി പക്ഷത്തേക്ക് കൂറുമാറിയ പി.ഷാജിയും നിലവിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും വിഎസ് പക്ഷക്കാരനുമായ എന്‍.പി. വിദ്യാനന്ദനുമാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായത്. ജി. സുധാകരന്‍ അടക്കമുള്ളവര്‍ മത്സരം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 75 അംഗ പ്രതിനിധികളില്‍ ഭൂരിപക്ഷം വിഎസ് പക്ഷത്തിനായിരുന്നെങ്കിലും സമ്മേളനത്തില്‍ നിരീക്ഷകരായെത്തിയ നേതാക്കളുടെ സഹായത്തോടെ പിണറായി പക്ഷം സമ്മേളനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളായി പിണറായി പക്ഷക്കാരായ എട്ടുപേരെയും വിഎസ് പക്ഷക്കാരായ അഞ്ചുപേരെയുമാണ് തെരഞ്ഞെടുത്തത്. വിഎസ് പക്ഷക്കാരായ സഹകരണ ബാങ്ക് ജീവനക്കാരനായ കെ.എന്‍. ചന്ദ്രബാബു, നാഗപ്പന്‍ ചെട്ടിയാര്‍ എന്നിവരെ കമ്മറ്റിയില്‍ നിന്നൊഴിവാക്കിയതും കടുത്ത പ്രതിഷേധത്തിനിടയാക്കി. പകരം നേരത്തെ റിസോര്‍ട്ട് മാഫിയകളുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ കെ.പി. സത്യകീര്‍ത്തി, ജോണ്‍സണ്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ഇതിനെ ബ്രാഞ്ച് സെക്രട്ടറി മൂര്‍ത്തി, വി. ഹരീഷ്, വി.എസ്. സതീശന്‍ തുടങ്ങിയവര്‍ എതിര്‍ത്തു. ഇതോടെ സമ്മേളനം ബഹളമായി. ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജന്‍ സമ്മേളനത്തിനെത്താതിരുന്നതും വിവാദമായി. പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് അതിരൂക്ഷമായ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പിണറായി പക്ഷം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ ഷാജിക്കെതിരെയും നിരവധി അഴിമതി ആരോപണങ്ങള്‍ വിഎസ് പക്ഷം ഉന്നയിച്ചു. ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പണപ്പിരിവിലെ ക്രമക്കേട്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണുയര്‍ന്നത്. എന്നാല്‍ പിണറായി പക്ഷം ഷാജിയെ സെക്രട്ടറിയാക്കണമെന്ന നിലപാടിലുറച്ചു. ഇതോടെയാണ് സമ്മേളനം നിര്‍ത്തിവച്ചത്. സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി പിണറായി പക്ഷം കമ്മറ്റി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് പാര്‍ട്ടി നേതൃത്വം ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആറ് ബ്രാഞ്ച് സെക്രട്ടറിമാര്‍, അഞ്ച് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം വിടുമെന്ന് കാണിച്ച് അടുത്തദിവസം തന്നെ ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കുമെന്നാണ് അറിയുന്നത്. ജില്ലയില്‍ വിഭാഗീയതയും തമ്മിലടിയും മൂലം ഇരുപതിലേറെ ലോക്കല്‍ സമ്മേളനങ്ങളാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ജില്ലാ സെക്രട്ടറിയുടെ ഏരിയയായ അരൂരിലാണ് കൂടുതല്‍ സമ്മേളനങ്ങളും മുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.