ഹസാരെ സംഘത്തിന്‌ നേരെ വീണ്ടും ആക്രമണം

Thursday 13 October 2011 11:01 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘാംങ്ങള്‍ക്ക്‌ വീണ്ടും കൊടിയ മര്‍ദ്ദനം. അഞ്ച്‌ ഹസാരെ സംഘാംഗങ്ങളെയാണ്‌ ഭഗത്സിംഗ്‌ ക്രാന്തി സേനാ പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ പട്യാല ഹൗസ്‌ പരിസരത്ത്‌ ഇന്നലെ ക്രൂരമായി തല്ലിച്ചതച്ചത്‌. ഹസാരെ സംഘത്തിലെ പ്രമുഖനായ പ്രശാന്ത്‌ ഭൂഷണെ കഴിഞ്ഞ ദിവസം ആക്രമിച്ച കേസില്‍ അറസ്റ്റിലായ ക്രാന്തി സേനാ പ്രവര്‍ത്തകന്‍ ഇന്ദര്‍ വര്‍മയെ മോചിപ്പിക്കാത്ത പക്ഷം ആക്രമണ നടപടികള്‍ തുടരുമെന്ന്‌ സംഘത്തില്‍പ്പെട്ട ചിലര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ ഹസാരെ സംഘാംഗങ്ങളെ ആശുപത്രിലേക്ക്‌ മാറ്റി. ഇതോടൊപ്പം പ്രശാന്ത്‌ ഭൂഷണെ മര്‍ദ്ദിച്ച ശേഷം രക്ഷപെട്ട രണ്ട്പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തേജീന്ദര്‍പാല്‍ സിംഗ്‌, വിഷ്ണുഗുപ്ത എന്നിവരാണ്‌ പിടിയിലായത്‌. ദല്‍ഹി സ്വദേശി ഇന്ദര്‍ വര്‍മയെ സംഭവ സ്ഥലത്ത്‌ തന്നെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇതേസമയം കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നുള്ള പരാമര്‍ശത്തില്‍നിന്ന്‌ പിന്നോട്ടില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു. തന്റെ ആശയങ്ങളെ എതിര്‍ക്കാം പക്ഷെ തന്നെ മര്‍ദ്ദിക്കാന്‍ അവകാശമില്ല. തനിക്കെതിരായ ആക്രമണനടപടികള്‍ ഫാസിസ്റ്റ്‌ സ്വഭാവമുള്ളതാണെന്നും ഒരു ദേശീയ ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഭൂഷണ്‍ പറഞ്ഞു. ഭൂഷണെ ആക്രമിച്ചവര്‍ക്ക്‌ ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ എല്‍.കെ. അദ്വാനി വ്യക്തമാക്കി. ജനാധിപത്യത്തിന്‌ നിരക്കാത്ത കിരാത നടപടിയാണ്‌ ഭൂഷണെതിരെ നടന്നത്‌, ഇത്തരത്തിലുള്ള ആക്രമണ നടപടിയെ ന്യായീകരിക്കാവുന്നതല്ല, അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ള ആരും തന്നെ അക്രമികളുടെ കൂട്ടത്തിലില്ല, ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്വാനി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.