കെട്ടിടം നല്‍കിയാല്‍ ഒരാഴ്ചക്കകം ഇന്‍ഫോപാര്‍ക്കില്‍ പോലീസ് സ്‌റ്റേഷന്‍: ചെന്നിത്തല

Friday 21 November 2014 11:18 pm IST

കാക്കനാട്: താത്ക്കാലികമായി കെട്ടിടം വിട്ടുകൊടുത്താല്‍ ഇന്‍ഫോപാര്‍ക്കില്‍ ഒരാഴ്ചക്കകം പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പു നല്‍കി .50 പോലീസുകാരുള്‍പ്പെടുന്ന പൂര്‍ണ രീതിയിലുള്ള പോലീസ് സ്‌റ്റേഷനായിരിക്കുമെന്നും ഇതിനോടനുബന്ധിച്ച് സൈബര്‍ പോലീസ് സ്‌റ്റേഷനും ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. മൂന്നരക്കോടി രൂപ വിലവരുന്ന 45 സെന്റ് സ്ഥലം പോലീസ് സ്‌റ്റേഷന് വേണ്ടി ഇന്‍ഫോപാര്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ കെട്ടിടം പണിയാന്‍ സമയമെടുക്കുമെന്നതിനാലാണ് താല്‍ക്കാലികമായി കെട്ടിടം നല്‍കാന്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റിനു പുറമേ മറ്റൊന്ന് കൂടി സ്ഥാപിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു .ഔട്ട് പോസ്റ്റില്‍ പോലീസുകാരെ നിയമിക്കും. കൂടാതെ ഐ എം ജി ജംഗ്ഷിലും, സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലുള്ള മെയിന്‍ ഗേറ്റിനു മുന്നിലും ഇന്ന് മുതല്‍ പോലീസ് കാരെ നിയോഗിക്കും . കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച അവലോകന യോഗത്തിലാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത് .ജീ ടെക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് യോഗം സംഘടിപ്പിച്ചത്. ഓട്ടോക്കൂലി കൂടുതല്‍ വാങ്ങുന്നതും,മോശമായ പെരുമാറ്റവും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍ നടപടിയെടുക്കാന്‍ വേദിയിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ. ജയിംസിനും ,റൂറല്‍ എസ് .പി. സതീഷ് ബിനോക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി . തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലെ പോലെ ഇന്‍ഫോ പാര്‍ക്കിനു ചുറ്റും ഇരുപത്തി നാല് മണിക്കൂറും ബൈക്കില്‍ റോന്തു ചുറ്റുന്ന പോലീസിനെ നിയോഗിക്കും. ഇന്‍ഫോപാര്‍ക്കിനു മുന്നില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ മാറ്റാന്‍ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ് ബുക്കും,വാട്‌സ് ആപ്പും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കും. അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ പിടികൂടാനും ബൈക്കില്‍ റോന്തു ചുറ്റുന്ന പോലീസിനു നിര്‍ദ്ദേശം നല്‍കും. വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴു മാസം ഗര്‍ഭിണിയായ ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയിലെ ഉദേ്യാഗസ്ഥയെ ഓട്ടോ ഡ്രൈവര്‍ അമിത വേഗതയില്‍ ഓട്ടോ ഓടിച്ചു ബുദ്ധിമുട്ടിച്ചതിലും കൂടുതല്‍ ഓട്ടോ ചാര്‍ജ് വാങ്ങിയതിലും പരാതി എഴുതി വാങ്ങി നടപടിയെടുക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു . യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ.ജെയിംസ് ,റൂറല്‍ എസ് പി.സതീഷ് ബിനോ,ഇന്‍ഫോപാര്‍ക്ക് സി.ഇ.ഓ.ഹൃഷികേഷ് നായര്‍ ,എ.സി.പി.ബിജോഅലക്‌സാണ്ടര്‍ , ജി ടെക് മേധാവികളായ മുകുന്ദ് കൃഷ്ണ,രഞ്ജിത്ത് ബാലന്‍ ,ജോസഫ് കോര എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.