വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നത്‌ ടോയ്‌ലറ്റില്‍

Thursday 13 October 2011 11:09 pm IST

കൊച്ചി: നഗരത്തിലെ ഹോസ്റ്റലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!. സൗത്ത്്‌ മേല്‍പാലത്തിനു താഴെയുള്ള കോളജ്‌ ഓഫ്‌ മറൈന്‍ ടെക്നോളജിയുടെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക്‌ താമസിക്കാന്‍ നല്‍കിയിരിക്കുന്നത്‌ ടോയ്‌ലെറ്റ്‌. എഴുന്നേറ്റു നിന്നാല്‍ തലമുട്ടുന്ന ഇടുങ്ങിയ ടോയ്‌ലെറ്റില്‍ താമസിക്കുന്നത്‌ നാലു പേര്‍. മറ്റു മുറികളില്‍ ആറ്‌ കിടക്കകള്‍ വീതം. ഒരോ കിടക്കയിലും കഴിയുന്നത്‌ മൂന്നു കുട്ടികള്‍. കഴിക്കാന്‍ കൊടുക്കുന്നത്‌ മൂന്നു ദിവസത്തിലധികം പഴക്കമുള്ള ഭക്ഷണം. ഭക്ഷ്യ വിഷ ബാധ ഇവിടെ സ്ഥിരമെന്ന്‌ അന്തേവാസികള്‍. കുടിവെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. കുട്ടികള്‍ കൈ കഴുകുന്ന വെള്ളം ടാങ്ക്‌ കെട്ടി സംഭരിച്ച്‌ ഖരമാലിന്യം നീക്കി പമ്പ്‌ ചെയ്യുന്നതാണ്‌ കുളിക്കാനായി വിതരണം ചെയ്യുന്നത്‌. 103 പേര്‍ക്കായി ആറ്‌ ടോയ്‌ലറ്റുകള്‍. ആറില്‍ അഞ്ചും വെള്ളം പൊങ്ങി വരുന്നതിനാല്‍ ഉപയോഗ ശൂന്യം. ഭക്ഷണശാലയില്‍ ആകെയുള്ളത്‌ മൂന്ന്‌ പൈപ്പുകള്‍. കുളിമുറിയില്ലാത്തതിനാല്‍ കുട്ടികള്‍ കുളിക്കുന്നത്‌ ടെറസിനു മുകളിലെ തുറസായ സ്ഥലത്ത്‌. നിരവധി തവണ പരാതിപ്പെട്ടിട്ടും സമരം നടത്തിയിട്ടും ഫലമില്ലെന്ന്‌ വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. എന്നാല്‍ സ്ഥാപനം വാങ്ങുന്ന തുക കേട്ടാല്‍ ഞെട്ടും. മാസം 2600 രൂപയാണ്‌ ഹോസ്റ്റല്‍ ഫീസിനത്തില്‍ ഇവിടെ വാങ്ങുന്നത്‌. പരിശോധന നടത്തിയ അധികൃതര്‍ പ്രിന്‍സിപ്പലിനോട്‌ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. സ്ഥാപനത്തിന്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ചിറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സദനം ഹോസ്റ്റല്‍, ബ്രോഡ്‌ വേയിലുള്ള സിഎസ്‌ഐ വിമന്‍സ്‌ ഹോസ്റ്റല്‍ എന്നീ രണ്ട്‌ സ്ഥാപനങ്ങള്‍ക്ക്‌ കൂടി നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. നൂറു കണക്കിന്‌ പേര്‍ തിങ്ങി താമസിക്കുന്ന ഹോസ്റ്റലുകളില്‍ അന്തേവാസികള്‍ക്ക്‌ പ്രാഥമികആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങളില്ലെന്ന്‌ അധികൃതര്‍ കണ്ടെത്തി. ആവശ്യത്തിന്‌ കുളിമുറികളും ടോയ്‌ലെറ്റുകളും ഇല്ലാത്തതിനാണ്‌ സിഎസ്‌ഐ ഹോസ്റ്റലിന്‌ നോട്ടീസ്‌ ലഭിച്ചത്‌. സദനത്തില്‍ മഴക്കാലത്ത്‌ പോലും വസ്ത്രം കഴുകിയുണക്കുന്നതിന്‌ പ്രത്യേക സൗകര്യം ഇല്ല. അതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ ഇട വരുത്തും വിധം നനഞ്ഞ തുണികള്‍ കിടപ്പ്‌ മുറിയില്‍ തന്നെ വിരിച്ചിടേണ്ടി വരുന്നുണ്ടെന്നും ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ബി. ശശികുമാര്‍ പറഞ്ഞു. നഗരത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനിടെ ഹോട്ടലുകളിലും തട്ടുകടകളിലും അധികൃതര്‍ നടത്തുന്ന പരിശോധനയുടെ തുടര്‍ച്ചയായാണ്‌ ഹോസ്റ്റലുകളിലും പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിക്കുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ഹോസ്റ്റലുകളെ കൂടി പരിശോധനയുടെ പരിധിയില്‍ കൊണ്ടു വന്നത്‌. ആദ്യ ദിനം തന്നെ അഞ്ചിടങ്ങളില്‍ പരിശോധന നടത്തിയതില്‍ മൂന്നു സ്ഥാപനങ്ങള്‍ കൃത്യവിലോപം നടത്തിയതിനു പിടിക്കപ്പെട്ടു. രണ്ടാം ദിനം നാലു പേര്‍ക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌. മിക്കയിടത്തും കുടിക്കാനും കുളിക്കാനും മലിന ജലമാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടങ്ങളിലെല്ലാം അന്തേവാസികള്‍ക്ക്‌ അതി രൂക്ഷമായ ത്വക്ക്‌ രോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഛര്‍ദി, വയറ്റിളക്കം, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വ്യാപകമാണ്‌. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ ബി.ശശികുമാര്‍, ജെസി മാത്യു, പി.എന്‍. ഗീത, ഓമന, എം.എന്‍. നൗഷാദ്‌, മന്മഥന്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ പരിശോധനക്ക്‌ നേതൃത്വം നല്‍കുന്നത്‌. വരും ദിനങ്ങളിലും പരിശോധന തുടരും. നഗരത്തിനകത്ത്‌ പരസ്യമായി മനുഷ്യാവകാശ ലംഘനം നടത്തുന്ന ഹോസ്റ്റലുകള്‍ ഉണ്ടെന്ന്‌ ആരോഗ്യ വിഭാഗം സ്റ്റാന്‍റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്‌ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ഫീസും വാങ്ങിയാണ്‌ ഈ കേന്ദ്രങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ അതിനനുസരിച്ചുള്ള ജീവിത സൗകര്യങ്ങള്‍ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തുന്നില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊച്ചിയിലെ കോളജ്‌ ഓഫ്‌ മറൈന്‍ ടെക്നോളജിക്കെതിരെ കോര്‍പറേഷന്‍ നടപടിയെടുക്കും. നഗരത്തിലെ മുഴുവന്‍ ഹോസ്റ്റലുകളിലും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.