സന്നിധാനത്ത് അഭൂതപൂര്‍വ്വമായ തിരക്ക്

Saturday 22 November 2014 9:48 pm IST

ശബരിമല: സന്നിധാനത്ത് ഇന്നലെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. വൃശ്ചികത്തിലെ ആദ്യ ശനിയാഴ്ചയായ ഇന്നലെ മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ശബരീശദര്‍ശനം സാധ്യമായത്. രാവിലെ അഞ്ചുമണിക്കൂര്‍വരെ കാത്തുനിന്ന ശേഷമാണ് പലരും പതിനെട്ടാംപടി ചവിട്ടിയത്. ശബരിമലയില്‍ ശനിയാഴ്ച ഏറെ വിശേഷപ്പെട്ടതാണ്.അതിനാല്‍ വഴിപാടുകളും വര്‍ദ്ധിച്ചിരുന്നു. വൈകുന്നേരം ആയപ്പോള്‍ തിരക്കേറി. വൈകിട്ട് 4ന് നടതുറക്കുമ്പോള്‍ തിരുമുറ്റവും വടക്കേ നടയും ഭക്തജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. പടിതെട്ടാംപടിക്കുതാഴെ കത്തുനിന്നവരുടെ നീണ്ടനിര വലിയ നടപ്പന്തലും, ജ്യോതിര്‍നഗറും, ശരംകുത്തിയും ,മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം ക്യൂകോംപ്‌ളക്‌സിലേക്ക് നീണ്ടു. ഇതേ തുടര്‍ന്ന് തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നടതുറക്കുന്ന സമയത്ത് പെയ്ത മഴയും തീര്‍ത്ഥാടകരെ വലച്ചു. തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ ബാഹുല്യം പമ്പയില്‍ പ്രകടമായി. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. തീര്‍ത്ഥാടകരെ പമ്പയിലെത്തിച്ചശേഷം വാഹനങ്ങള്‍ നിലക്കലേക്ക് മാറ്റുന്നുണ്ട്. അതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാളികപ്പുറത്തുനിന്നും തൊഴുത് എത്തുന്ന ഭക്തരെ വീണ്ടും സന്നിധാനത്ത് തങ്ങുവാന്‍ പോലീസ് അനുവദിച്ചില്ല. മിനിട്ടില്‍ 85 മുതല്‍ 100 വരെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടിയെങ്കില്‍ മാത്രമെ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ രീതിയില്‍ ഭക്തരെ കടത്തിവിടാന്‍ കഴിഞ്ഞില്ല. ഇതും ക്യൂ വര്‍ധിക്കുന്നതിന് കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.