ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഗൂഢശ്രമം: ശശികല ടീച്ചര്‍

Saturday 22 November 2014 10:30 pm IST

പറവൂര്‍: മണ്ഡലകാലത്തെ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരെയും ഗവണ്‍മെന്റിനേയും സ്വാധീനിക്കാന്‍ കഴിവുള്ള ശക്തികളാണ് ഇതിന് പിന്നില്‍. തിരുമൂപ്പം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശബരിമല രക്ഷാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. മണ്ഡലകാലം വരുമ്പോള്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മണ്ഡലകാലം കഴിഞ്ഞാല്‍ മുല്ലപ്പെരിയാര്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. തമിഴനേയും മലയാളിയേയും തമ്മില്‍ത്തല്ലിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. മറ്റു സംസ്ഥാനങ്ങളില്‍നിന്നും അയ്യപ്പന്മാര്‍ ശബരിമലയിലേക്ക് വരുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി ജനങ്ങളോട് ഔറംഗസീബിനെപ്പോലെയാണ് പെരുമാറുന്നത്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചപ്പോള്‍ സംസ്ഥാനത്ത് ഇവയുടെ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഭാഗവതോത്തംസം അഡ്വ. ടി.ആര്‍. രാമനാഥന്‍ ശബരിമല രക്ഷാസംഗമം ഉദ്ഘാടനം ചെയ്തു. പറവൂര്‍ എസ്എന്‍ഡിപി യൂണിയന്‍ മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ തുണ്ടത്തുംകടവില്‍ അധ്യക്ഷത വഹിച്ചു. മണ്‍പാത്ര നിര്‍മ്മാണസഭ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. ബാബു, വിശ്വകര്‍മ്മസഭ സെക്രട്ടറി ഗോപി തച്ചില്‍, പന്തിരുകുല പ്രചാര പരിഷത്ത് താലൂക്ക് കാര്യദര്‍ശി നീലാംബരന്‍ ശാന്തി, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറിമാരായ എ.ബി. ബിജു, കെ.ആര്‍. രമേഷ് കുമാര്‍, താലൂക്ക് പ്രസിഡന്റ് കെ.ജി. മധു, വൈസ് പ്രസിഡന്റ് അമ്പാടി വരാപ്പുഴ, ജനറല്‍ സെക്രട്ടറി സാബു ശാന്തി, കെ.ജി. സജീവ്, കെ.എസ്. ജയശങ്കര്‍, മഹിളാ ഐക്യവേദി താലൂക്ക് ട്രഷറര്‍ അജിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.