കോഴിക്കോട് വെടിവയ്പ് : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തട്ടിപ്പെന്ന് വി.എസ്

Friday 14 October 2011 11:51 am IST

കോഴിക്കോട്‌: കോഴിക്കോട് വെടിവെയ്പ്പിനെ ന്യായീകരിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ തട്ടിപ്പാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്‌ ജയിലില്‍ കഴിയുന്ന എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വിഎസ്‌. സമരക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ന്ന അസിസ്റ്റന്റ്‌ പൊലീസ്‌ കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയെ സസ്‌പെന്‍ഡ്‌ ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ട സമരം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌.എഫ്‌.ഐക്കാരെയും ഇടതു യുവജന സംഘടനാ പ്രവര്‍ത്തകരെയും ബോധപൂര്‍വം കേസില്‍ കുടുക്കുന്നതായി തോന്നുന്നില്ല. അത്തരമൊരു നീക്കം ഉണ്ടായാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.എസ്‌. പറഞ്ഞു. കോഴിക്കോട് വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് സര്‍ക്കാരിന് നല്‍കിയത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടിയൊന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടില്ല. എസ്.എഫ്.ഐ സമരത്തിന് നേരെ വെടിവയ്ക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിവെപ്പിനെത്തുടര്‍ന്ന് ആര്‍ക്കും ഒരു പരിക്കും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ അവര്‍ക്കു നേരെയല്ല വെടിവെച്ചതെന്നുറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.