രാജീവ് വധം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം കോണ്‍ഗ്രസിലേക്കെത്തണം: മേജര്‍ രവി

Saturday 22 November 2014 11:06 pm IST

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ അന്വേഷണം കോണ്‍ഗ്രസിലേക്കു തന്നെ വഴിതിരിച്ചുവിടേണ്ടിവരുമെന്ന് സംവിധായകന്‍ മേജര്‍ രവി. യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കണമെന്നാവശ്യപ്പെടാന്‍ മടി കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും രാജീവ് വധക്കേസ് പ്രതികള്‍ക്കായി നടത്തിയ എന്‍എസ്ജി കമാന്‍ഡോ ഓപ്പറേഷന്റെ തലവനായിരുന്ന മേജര്‍ രവി പറഞ്ഞു. വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിലെ മീഡിയാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് എല്‍ടിടിഇയാണെങ്കിലും ഗൂഢാലോചകര്‍ മറ്റു ചിലരാണ്. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം ആവര്‍ത്തിച്ചു ആവശ്യപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയെ ആര്‍ക്കും വിശ്വാസമില്ല. എല്ലാവര്‍ക്കും വിശ്വാസം സോണിയാ ഗാന്ധിയെയാണ്. പ്രതികളെ കണ്ടെത്തിയപ്പോള്‍ കീഴടക്കുന്നത് വൈകിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്തിനാണെന്നറിയണം. രാജീവ് വധത്തിനു പിന്നില്‍ നിഗൂഢതകള്‍ ഏറെയുണ്ട്. സത്യം പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവരായിരുന്നു പിന്നീട് ഭരണത്തിലിരുന്നത്. ശ്രീപെരുംപതൂരിലെ ഇന്ദിരാഗാന്ധി പ്രതിമയില്‍ രാജീവ് മാല ചാര്‍ത്തുമ്പോള്‍ ചുറ്റും ധാരാളം കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു. എന്നാല്‍ തൊട്ടരുകിലെ പ്രസംഗ വേദിയിലേക്ക് രാജീവ് നടന്നെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം അപ്രത്യക്ഷരായി. അതെങ്ങനെ സംഭവിച്ചു. സ്‌ഫോടനത്തില്‍ രാജീവിനൊപ്പം കൊല്ലപ്പെട്ടത് 45 പോലീസുകാര്‍ മാത്രം. ഇത്തരം ദുരൂഹതകള്‍ക്കെല്ലാം ഇനിയെങ്കിലും ഉത്തരം വേണ്ടതുണ്ട്. സംഭവത്തിന്റെ കൃത്യമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ടായിരുന്ന ആ വീഡിയോ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പഴയ കാസറ്റ് കാണാനില്ലെന്നാണ് അറിയുന്നത്. ആരാണ് കാസറ്റ് മാറ്റിയതെന്നതും അന്വേഷിക്കണം. രാജീവ് ഗാന്ധിക്കൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നില്ല. കുറ്റം എല്‍ടിടിഇയുടെ തലയില്‍വെച്ച് മറ്റു ചിലര്‍ക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു. മുഖ്യപ്രതിയായ ശിവരശനും സംഘവും ഒളിച്ചിരുന്ന സ്ഥലം കമാന്‍ഡോകള്‍ വളഞ്ഞെങ്കിലും കീഴടക്കല്‍ വൈകിപ്പിക്കാന്‍ പ്രതേഅന്വേഷണ സംഘം തലവന്‍ ആവശ്യപ്പെട്ടത് എന്തിനാണ്. അതും അന്വേഷിക്കണം. ജയിലില്‍ കഴിയുന്ന പ്രതികളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചത് എന്തിനായിരുന്നു. രാജീവിനൊപ്പം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ വിധവകളെ കാണാന്‍ പ്രിയങ്ക തയ്യാറായിട്ടില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. ഭാരതീയ തത്വങ്ങളെക്കുറിച്ച് നവസംവിധായകര്‍ക്ക് വലിയ ധാരണയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബോളിവുഡ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. വായനയുടെ കുറവ് പുത്തന്‍ സംവിധായകര്‍ക്കുണ്ട്. പാശ്ചാത്യരീതികള്‍ വളര്‍ത്തുന്നതിനാണ് പലരും ശ്രമിക്കുന്നത്. പാശ്ചാത്യസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള ദൃശ്യങ്ങളും കലകളുമാണ് ആവിഷ്‌ക്കരിക്കപ്പെടേണ്ടതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. നടി സുകന്യയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.