ന്യൂദല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് മറുപടിയുമായി ബിജെപി .സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള സംഭ്രമമാണ് മമതയ്ക്കെന്നും ബി ജെ പി ആരോപിച്ചു.
തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളിനെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പാലിക്കാന്‍ മമതക്കായില്ലെന്നും ഇതുവരെ എതിര്‍ത്തിരുന്ന ഇടതുപക്ഷവുമായി സഖ്യം സ്ഥാപിക്കാനാണ് മമതയുടെ ശ്രമമെന്നും ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ തൃണമൂല്‍ രാജ്യസഭാ എം പി ശ്രിഞ്ചോയ് ബോസിനെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു . ഇത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മാത്രമാണെന്നും ശ്രിഞ്ചോയ് ബോസ് നിരപരാധിയാണെന്നും മമത പ്രസ്താവിച്ചു . ചുണയുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ മമത കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു . ഇതേ തുടര്‍ന്നായിരുന്നു ബി ജെ പി യുടെ പ്രതികരണം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: