നിയമസഭയില്‍ കയ്യാങ്കളി : സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Friday 14 October 2011 3:44 pm IST

തിരുവനന്തപുരം: കോഴിക്കോട്‌ വെടിവയ്പ്പിനെ കുറിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കയ്യാങ്കളി. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. ടി.വി രാജേഷിനും കെ.കെ ലതികയ്ക്കും പരിക്കേറ്റതായി പ്രതിപക്ഷം ആരോപിച്ചു. പരിക്കേറ്റ് വനിതാ വാച്ച് ആന്റ് വാര്‍ഡ് രജനികുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് കോഴിക്കോട് വെടിവയ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കോഴിക്കോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചിട്ടില്ല. അതേസമയം മാധ്യമങ്ങള്‍ ഒരേ രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കിയതാണെന്ന് കോടിയേരി ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വയ്ക്കാത്തത് സഭയോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയെ സസ്‌പെന്റ് ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കോടിയേരി ആരോപിച്ചു. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി തിങ്കളാഴ്ച തന്നെ കോഴിക്കോടെത്തി തെളിവെടുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളുടെയും ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഈ സമയം സഭാ നടപടികളുമായി മുന്നോട്ട് പോയ സ്പീക്കറുടെ ചേമ്പറിലേക്ക് വാച്ച് ആന്റ് വാര്‍ഡനെ മറികടന്നുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വാച്ച് ആന്റ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.