മാധ്യമങ്ങള്‍ മാന്യത കൈവിടരുത്

Sunday 23 November 2014 9:17 pm IST

ജനാധിപത്യസംവിധാനത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നിയമപ്രകാരം അധികാരങ്ങളും അവകാശങ്ങളുമൊന്നുമില്ല. എന്നിരുന്നാലും സമൂഹം മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനം നിയമപ്രകാരം പ്രത്യേകാവകാശമുള്ള സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും മുകളിലാണ്. അറിയാനും അറിയിക്കാനുമുള്ള സംവിധാനമെന്ന നിലയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കുള്ള പരിഗണന വളരെ വലുതാണല്ലോ. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ പെരുമാറ്റം പക്വവും മാന്യവുമായിരിക്കാന്‍ സ്വയം ഉയരുകയും വളരുകയും വേണം. പുറത്തുവിടുന്ന വാര്‍ത്തകള്‍ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തിയില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിശ്വാസ്യതയാണ്. മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ അബദ്ധങ്ങള്‍ പറ്റിയേക്കാം. അങ്ങനെ സംഭവിച്ചാല്‍, അത് തുറന്ന് സമ്മതിച്ചാല്‍ സ്ഥാപനങ്ങളുടെ അന്തസ്സ് ഉയരുകയേയുള്ളൂ. അത് പലപ്പോഴും ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. കഴിഞ്ഞദിവസം ചില ദൃശ്യമാധ്യമങ്ങള്‍ ഒരു പകല്‍ മുഴുവന്‍ പ്രധാന വാര്‍ത്തയാക്കിയത് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു എന്നാണ്. വാര്‍ത്തയ്ക്ക് വീര്യം കൂട്ടാന്‍ വിഎച്ച്പി വിരുദ്ധ രാഷ്ട്രീയ സംഘടനാ നേതാക്കളുടെ പ്രതികരണവും തത്സമയം സംപ്രേഷണം ചെയ്തു. തികച്ചും അടിസ്ഥാനരഹിതമാണ് ആ വാര്‍ത്ത എന്ന് മണിക്കൂറുകള്‍ക്കം വ്യക്തമായിട്ടും പിന്നെയും വാര്‍ത്ത തുടര്‍ന്നുകൊണ്ടിരുന്നു. ഹിന്ദു സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട ആനുകൂല്യം നല്‍കുന്നു എന്ന വിധത്തിലായിരുന്നു വാര്‍ത്ത. ഹിന്ദുസംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവിഹിതമായ ഒരു സഹായവും പ്രതീക്ഷിക്കുന്നില്ല. അങ്ങനെയൊന്നിന് ഒരപേക്ഷയും നല്‍കുന്ന പതിവുമില്ല. ഹിന്ദുക്കള്‍ക്കെതിരെ ജിഹാദ് നടത്താന്‍ മദനി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍ ചുമത്തിയ 23 കേസ്സുകള്‍ പിന്‍വലിച്ച നാടാണ് ഇതെന്നോര്‍ക്കണം. പത്തുവര്‍ഷം മുമ്പ് മാറാട് കടപ്പുറത്ത് എട്ടു ഹിന്ദുക്കളെ കശാപ്പ് ചെയ്തതുമായുണ്ടായതാണ് കേസ്. മാറാട് കൊലചെയ്യപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം കോഴിക്കോട്ട് പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസ്സെടുത്തിരുന്നു. ഏ.കെ. ആന്റണിയായിരുന്നു അന്ന് കേരള മുഖ്യമന്ത്രി. ഇപ്പോഴത്തെ വിവാദ നായകന്‍ ടി.ഒ. സൂരജ് ജില്ലാ കളക്ടറും. 2003 ജൂലൈ 8ന് മുതലക്കുളം മൈതാനത്ത് അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചുവെന്നും മതവിദ്വേഷ പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. 2003 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2012 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അതുകൊണ്ട് കേസ് നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ട് കോഴിക്കോട് എരഞ്ഞിപ്പാലം (മാറാട്) പ്രത്യേക കോടതി ജഡ്ജി എം.ആര്‍. ശശി കേസ് തള്ളിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 28നായിരുന്നു ഇത്. ഐപിസി 153(എ) പ്രകാരമുള്ള കുറ്റകൃത്യത്തിന് മൂന്നൂ വര്‍ഷത്തിനുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ 2012 സപ്തംബര്‍ 28നാണ് കുറ്റപത്രം നല്‍കിയത്. കാലാവധി കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം വൈകിയതിനുള്ള കാരണവും കോടതിയില്‍ സമര്‍പ്പിച്ചില്ല. 153 എ പ്രകാരം കേസ്സെടുക്കുന്നതിനുള്ള അനുവാദം ചോദിച്ചത് തന്നെ 2009 ലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മതവിദ്വേഷമുളവാക്കുന്ന ഏത് വാക്കാണ് തൊഗാഡിയ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ സത്യങ്ങള്‍ മനസ്സിലായപ്പൊഴെങ്കിലും വാര്‍ത്ത തിരുത്താന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ഹിന്ദു സംഘടനകളെ വിമര്‍ശിക്കാനും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാനും മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തെറ്റായ വാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചാല്‍ നമ്മുടെ സംവിധാനത്തില്‍ അത് ചൂണ്ടിക്കാട്ടാനും വേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കാനും അവകാശമുണ്ടെന്നത് ശരിതന്നെ. വാര്‍ത്ത നല്‍കിയതിന്  മാര്‍ക്‌സിയന്‍ ശൈലിയില്‍ മാധ്യമസ്ഥാപനങ്ങളില്‍ കടന്നുചെന്ന് കൈയേറ്റം നടത്താന്‍ ഹിന്ദുസംഘടനകള്‍ തയ്യാറായിട്ടില്ല. തയ്യാറാകുകയുമില്ല. മാധ്യമങ്ങളെ മാന്യമായി സമീപിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യം. അത് തിരിച്ചു ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ചില മാധ്യമങ്ങള്‍ പകയോടെ പെരുമാറുകയാണോ എന്ന സംശയവും സജീവമാണ്. ബിജെപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക മാത്രമല്ല നിയന്ത്രിക്കുകപോലും ചെയ്യുന്നത് ആര്‍എസ്എസ് ആണെന്ന പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം നല്‍കിയ മറുപടി സന്ദര്‍ഭോചിതമാണ്. പ്രധാനമന്ത്രിയും താനുമടക്കം മന്ത്രിസഭയിലെ ബഹുഭൂരിപക്ഷവും ആര്‍എസ്എസുകാരാണെന്നാണ് രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കിയത്. ആര്‍എസ്എസ് ബന്ധം അനുവദിക്കില്ലെന്ന ജനതാപാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ നിര്‍ബന്ധം അവഗണിച്ചുണ്ടാക്കിയതാണ് ബിജെപി. അതുകൊണ്ടുതന്നെ ആര്‍എസ്എസ്-ബിജെപി ബന്ധം സുവ്യക്തമാണ്. സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് ഭരണത്തിലില്ല. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭരണത്തിനകത്തുണ്ട്. അതുകൊണ്ടാര്‍ക്കും വിശേഷിച്ചൊരു നഷ്ടവും നാശവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മാധ്യമങ്ങളെങ്കിലും മനസ്സിലാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.