കൂടംകുളത്ത് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ; 5 പേര്‍ക്ക് പരിക്ക്

Friday 14 October 2011 12:06 pm IST

ചെന്നൈ: കൂടംകുള്ളം ആണവനിലയത്തിനെതിരായ സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം നടത്തിയ വികലാംഗര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനല്‍‌വേലി എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പോലിസ് ലാത്തി ചാര്‍ജ് നടത്തിയത്. സതീഷ് രാജ, മണികണ്ഠന്‍, സ്വയംഭു, രാജാമണി, തങ്കദുരൈ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കാണുള്ളത്. ഒരു കാരണവുമില്ലാതെ എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു. ആണവനിലയത്തിന്‌ അരകിലോമീറ്റര്‍ ദൂരെ സമരക്കാര്‍ റോഡ്‌ ഉപരോധിച്ചിരുന്നു. തുടര്‍ന്ന്‌ ജീവനക്കാരെ തടയാനുള്ള ശ്രമത്തിനിടയില്‍ പോലീസ്‌ ലാത്തിചാര്‍ജ്ജ്‌ നടത്തുകയായിരുന്നു. ഇതോടെ കൂടംകുളം സമരം അക്രമാസക്തമായി.ആണവ നിലയത്തിലേക്കുള്ള റോഡ് മുഴുവന്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട സമരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന സമരത്തില്‍ കിഴക്കന്‍ തീര പാതയിലെ ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചിരുന്നു. 5000 തൊഴിലാളികളെയും 700 ശാസ്‌ത്രജ്ഞരെയും ആണവകേന്ദ്രത്തിലേക്ക്‌ കടക്കാന്‍ സമരക്കാര്‍ അനുവദിച്ചിരുന്നില്ല. ആണവനിലയം അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സെപ്‌തംബര്‍ 11 മുതല്‍ 22 വരെ നിരാഹാരസമരം നടത്തിയിരുന്നു. ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന്‌ തമിഴ്‌നാട്‌ മന്ത്രിസഭ പ്രമേയം പാസാക്കിയതിന്‌ ശേഷമാണ്‌ നിരാഹാരം അവസാനിപ്പിച്ചത്‌. പദ്ധതിക്ക്‌ പൂര്‍ണസഹകരണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഡോ.ജയലളിതയ്ക്ക്‌ കത്തയച്ചിരുന്നു. പദ്ധതി നടപ്പാക്കാതിരിക്കുന്നത്‌ ഗുരുതരമായ ഊര്‍ജ്ജ പ്രതിസന്ധിക്ക്‌ കാരണമാകുമെന്നും ഇത്‌ രാജ്യത്തിന്റെ വ്യാവസായിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി കത്തില്‍ പറഞ്ഞത്‌. ഇതേ തുടര്‍ന്നാണ്‌ സമരം വീണ്ടും ശക്തിപ്രാപിച്ചത്‌.