ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കരുത്: കുമ്മനം

Sunday 23 November 2014 10:25 pm IST

തിരൂര്‍: ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റരുതെന്ന് അയ്യപ്പസേവാസമാജം അഖിലേന്ത്യ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരൂര്‍ ചമ്രവട്ടത്ത് അയ്യപ്പസേവാസമാജം സംഘടിപ്പിച്ച അയ്യപ്പസംഗമവും സപ്തക്ഷേത്ര പ്രദക്ഷിണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റുകളായ വിദേശികള്‍ ശബരിമലയിലെത്തുന്നത് ദര്‍ശനത്തില്ല സന്ദര്‍ശനം മാത്രമാണ് അവരുടെ ലക്ഷ്യം. സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രം ജനകീയ മന്ത്രവും അയ്യപ്പന്‍ ഒരു പ്രതിഭാസവുമാണ്. യുക്തിവാദികള്‍ അയ്യപ്പനെ ദര്‍ശിക്കുകയല്ല വെറുതെ കാണുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അവര്‍ മകരജ്യോതിയെപ്പറ്റി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ കാണുന്നത് തീയാണെങ്കില്‍ ഭക്തര്‍ ആ തീയില്‍ അയ്യപ്പനെ ദര്‍ശിക്കുന്നു. ഹിന്ദുസമൂഹത്തിന്റെ പ്രകാശഗോപുരമാണ് ശബരിമല അത് തകര്‍ക്കാന്‍ ഭരണാധികാരികള്‍ എത്ര ശ്രമിച്ചാലും നടക്കില്ല. ഋഷിശ്രേഷ്ഠന്മാര്‍ കണ്ടെത്തിയ സത്യമാണ് അയ്യപ്പന്‍. ജാതി-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ അയ്യപ്പനെ ആരാധിക്കാന്‍ കഴിയും. അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാതെ തട്ടിപ്പുനടത്തുന്നവര്‍ക്കുള്ള ശിക്ഷ കാലം നല്‍കും. ഭാരതത്തിലും വിദേശരാജ്യങ്ങളിലും അയ്യപ്പക്ഷേത്രങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഗംഗാധര പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലകാലത്തിന്റെ പ്രത്യേകതകള്‍ എന്ന വിഷയത്തില്‍ സ്വാമി അയ്യപ്പദാസും ശബരിമല അയ്യപ്പസേവാസമാജം പ്രവര്‍ത്തനങ്ങളില്‍ എന്ന വിഷയത്തില്‍ അരവിന്ദക്ഷന്‍ അങ്ങാടിപ്പുറവും പ്രഭാഷണങ്ങള്‍ നടത്തി. കെ.പി. പ്രദീപ്കുമാര്‍, വിജയന്‍ പനമ്പാട്, എം.എന്‍. കുബേരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.