ചെന്നൈയിന്‍ മിന്നി

Sunday 23 November 2014 10:43 pm IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ദക്ഷിണേന്ത്യന്‍  പ്രതിനിധികളായ ചെന്നൈയിന്‍ എഫ്‌സിക്ക് ത്രസിപ്പിക്കുന്ന ജയം. രണ്ടാം പകുതിയില്‍ തനി സ്വരൂപംകാട്ടിയ ചെന്നൈയിന്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി. ബ്രൂണോ പെലിസരി (71-ാം മിനിറ്റ്) ധനചന്ദ്ര സിങ് (81), ക്രിസ്റ്റ്യന്‍ ഹിഡാല്‍ഗോ (89) എന്നിവര്‍ വിജയികളുടെ സ്‌കോറര്‍മാര്‍. സ്വന്തം തട്ടകത്തിലെ കളിയില്‍ മുംബൈയെ തോല്‍പ്പിക്കാന്‍ ചെന്നൈയിന് സാധിച്ചിരുന്നു. എന്നാല്‍ മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ അതാവര്‍ത്തിക്കാന്‍ ചെന്നൈയ്ക്കാവുമോയെന്ന സംശയം തോന്നിക്കുന്നതായിരുന്നു മത്സരാരംഭം. ദീപക് മണ്ഡലും ആന്ദ്രെ മോറിസ്റ്റും ഒത്തിണക്കം കാട്ടിയ സമയം ചെന്നൈയുടെ പോസ്റ്റിനരുകില്‍ മുംബൈ ഭീതിയുടെ ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. മറുവശത്ത് ഗോളിലേക്ക് ആദ്യ ഷോട്ട് തൊടുക്കാന്‍ ചെന്നൈ ടീമിന് അരമണിക്കൂര്‍ കാക്കേണ്ടിവന്നു. ഒന്നാംപകുതിയില്‍ തന്നെ മോറിറ്റ്‌സിന് പരിക്കേറ്റത് മുംബൈയെ പിന്നോട്ടടിച്ചു. ഫ്രെഡ്‌റിക് ലുങ്‌ബെര്‍ഗ് വന്നെങ്കിലും പരിക്കലട്ടുന്ന ഹോളണ്ട് താരത്തിന് അത്ര തിളങ്ങനായില്ല. രണ്ടാം പകുതിയില്‍ മുംബൈ ചിലമാറ്റങ്ങളുമായിറങ്ങി. എങ്കിലും സ്‌കോര്‍ നിലയില്‍ വ്യതിയാനമുണ്ടായില്ല. പെലിസരി ഫോമിലായതോടെ ചെന്നൈ പതിയെ കളംപിടിച്ചു. 71-ാം മിനിറ്റില്‍ ചെന്നൈ കെട്ടുപൊട്ടിക്കുക തന്നെ ചെയ്തു. ബോക്‌സിനുള്ളില്‍ വന്ന പന്തു ക്ലിയര്‍ ചെയ്യുന്നതില്‍ പീറ്റര്‍ കോസ്റ്റ പിഴവുവരുത്തി. പന്തു പിടിച്ചെടുത്ത പെലിസരി ലക്ഷ്യം കണ്ടു (1-0). മുംബൈ മറുപടി ഗോളിനു യത്‌നിക്കുമ്പോള്‍ ചെന്നൈയിന്‍ ലീഡ് വര്‍ധിപ്പിച്ചു. വീണുകിട്ടിയ മറ്റൊരു പന്തില്‍ ഇക്കുറി സ്‌കോര്‍ ചെയ്തത് ധനചന്ദ്ര സിങ് (2-0). ഒരു മിനിറ്റ് അവശേഷിക്കെ ഫ്രീ കിക്ക് മുതലാക്കി ഹിഡാല്‍ഗോ ചെന്നൈയിന് ചന്തമുള്ള ജയമേകി (3-0). ഇതോടെ 19 പോയിന്റുമായി ചെന്നൈയിന്‍ പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ സിറ്റി എഫ്‌സി (12 പോയിന്റ്) ആറാമന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.