കുഡ്‌ലു വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച: ഭണ്ഡാരം മോഷണം പോയി

Sunday 14 December 2014 12:23 pm IST

കാസര്‍കോട്: കുഡ്‌ലു പായിച്ചാല്‍ ശ്രീവിഷ്ണുമംഗലം ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്തു. രാവിലെ പൂജാരിയെത്തിയപ്പോഴാണ് ഭണ്ഡാരം മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. നാലമ്പലത്തിനകത്ത് നമസ്‌കാര മണ്ഡപത്തില്‍ വെച്ചിരുന്ന കാണിക്കയാണ് മോഷ്ടിക്കപ്പെട്ടത്. ഭണ്ഡാരപ്പെട്ടി തുറന്ന നിലയില്‍ പിന്നീട് ക്ഷേത്രത്തിന് നൂറുമീറ്റര്‍ അകലെ വയലില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ത്തിക മാസത്തിലെ പൂജയുടെ ഭാഗമായി ഭക്തര്‍ അര്‍പ്പിച്ച പണം മുഴുവന്‍ ഭണ്ഡാരത്തിലുണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം അയ്യായിരത്തോളം രൂപയാണ് മോഷണം പോയതായി പറയുന്നു. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രാത്രി ഒരു മണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തില്‍ സ്വാമിമാര്‍ താമസമുണ്ട്. ഇവര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്തായിരിക്കാം കള്ളന്‍ അകത്ത് കടന്നത്. പൂജാരിയുടെ മുണ്ട് ഉപയോഗിച്ചാണ് കള്ളന്‍ കോവിലില്‍ നിന്നും പുറത്തേക്കിറങ്ങിയത്. മുണ്ട് ക്ഷേത്രത്തിന്റെ ചുമരില്‍ കെട്ടിയിട്ട നിലയിലാണ്. ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആറുമാസം മുമ്പ് ഇവിടെ മോഷണം നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നന്നില്ലെന്നും പരാതിയുണ്ട്. സ്ഥിരമായി ഭക്തര്‍ എത്താത്ത ഇവിടെ ഭണ്ഡാരത്തില്‍ കാണിക്കയുണ്ടാകുമെന്ന് മന്‍കൂട്ടി അറിയാവുന്ന ആളാണ് മോഷ്ടാവെന്ന് ഇവര്‍ പറയുന്നു. ബിജെപി ജില്ലാ സെക്രട്ടറി എസ്‌കുമാര്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കീര്‍ത്തന്‍ ജെ. കുഡ്‌ലു എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. കാസര്‍കോട് ഭാഗങ്ങളില്‍ സ്ഥിരമായി ക്ഷേത്രങ്ങള്‍ കൊളളയടിക്കപ്പെടുന്നതായി ബിജെപി നേതാവ് എസ്‌കുമാര്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണമുണ്ടാകാത്തതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.