പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പുമായി സ്വാശ്രയസംഘം

Monday 24 November 2014 5:19 pm IST

ഡോ. കോശി നായ്ക്കളെ കുത്തിവയ്ക്കുന്നു

ആലപ്പുഴ: നായ്ക്കളിലെ പേവിഷബാധയ്ക്ക് പ്രതിരോധ കുത്തിവെയ്‌പെടുത്ത് പുരുഷസ്വാശ്രയസംഘം മാതൃകയാകുന്നു. പേപ്പട്ടി ശല്യം രൂക്ഷമായ വാടയ്ക്കലില്‍ പേവിഷബാധയ്ക്ക് എതിരെ തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും ഉള്‍പ്പെടെ പ്രതിരോധ കുത്തിവെയ്പ് നടത്തി വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിയാ പുരുഷ സ്വാശ്രയസംഘമാണ് അഞ്ചാം വര്‍ഷവും പേവിഷബാധയ്‌ക്കെതിരെ കര്‍മ്മ പദ്ധതിയുമായി രംഗത്തുള്ളത്. ആലപ്പുഴ മൃഗാശുപത്രിയുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കിയത്. വെറ്ററിനറി ഡോ. പി.പി. കോശിയുടെ നേതൃത്വത്തിലുളള സംഘമാണ് അമ്പതോളം നായ്ക്കള്‍ക്ക് സൗജന്യമായി ടിഷ്യൂകര്‍ച്ചര്‍ ബാച്ച് എന്ന കുത്തിവയ്പ് നല്‍കിയത്. ഈ നായ്ക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പേവിഷബാധ ഉണ്ടാകില്ല. മരുന്നിന് 100 രൂപയാണ് വില. മൃഗാശുപത്രികളില്‍ എത്തിച്ച് നായ്ക്കള്‍ക്ക് കുത്തിവെയ്പ് എടുക്കുകയാണെങ്കില്‍ 350 മുതല്‍ 400 രൂപവരെയാണ് ചെലവ് വരും. തെരുവുനായ്ക്കളില്‍ പേവിഷബാധ കണ്ടെത്തിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്ത അധികൃതര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സമരിയ നടത്തിയ സംരംഭം.

അഞ്ച് വര്‍ഷം കൊണ്ട് തെരുവുനായ്ക്കളെ ഉള്‍പ്പെടെ അനേകം നായ്ക്കള്‍ക്കാണ് പേവിഷബാധക്ക് എതിരെയുളള കുത്തിവെയ്പ് നടത്തി ഈ സംഘടനമാതൃകയാകുന്നത്. കഴിഞ്ഞദിവസം രാവിലെ മുതല്‍ വൈകിട്ടുവരെയാണ് നാട്ടുകാര്‍ നായ്ക്കളുമായി സ്വാശ്രയസംഘത്തെ സമീപിച്ചത്. 50 കിലോയിലധികം തൂക്കം വരുന്ന വിവിധ വിദേശനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും ഡോ. കോശിയുടെ നേതൃത്വത്തിലുള്ള സംഘം കുത്തിവെയ്പ് നല്‍കി. ചില നായ്ക്കള്‍ക്ക് കുത്തിവയ്‌പെടുക്കാന്‍ മൂന്നുപേരുടെ സഹായം വേണ്ടിവന്നു. സമരിയാ രക്ഷാധികാരി സാലസ് പുത്തന്‍പുരയ്ക്കല്‍, സ്റ്റാന്‍ലിന്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.