ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് അട്ടിമറി പരാജയം. പോയിന്റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തായിരുന്ന ക്രിസ്റ്റല്‍ പാലസാണ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. വിജയത്തോടെ ക്രിസ്റ്റല്‍ പാലസ് പട്ടികയില്‍ 15-ാം സ്ഥാനത്തേക്കുയര്‍ന്നു.
ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ലിവര്‍പൂള്‍ മൂന്നെണ്ണം വഴങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ റിക്കി ലംബര്‍ട്ട് നേടിയ ഗോൡലൂടെയാണ് ലിവര്‍പൂള്‍ ലീഡ് നേടിയത്. എന്നാല്‍ 17-ാം മിനിറ്റില്‍ ഗെയ്ല് ക്രിസ്റ്റല്‍ പാലസിന്റെ സമനില ഗോള്‍ നേടി. പിന്നീട് ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ സമനിലയിലായി.
പിന്നീട് രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ ലിവര്‍പൂള്‍ വലയിലെത്തിച്ചാണ് ക്രിസ്റ്റല്‍ പാലസ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 78-ാം മിനിറ്റില്‍ ലെഡ്ലിയും 81-ാം മിനിറ്റില്‍ ജെഡിനാക്കുമാണ് ക്രിസ്റ്റല്‍ പാലസിനായി ഗോളുകള്‍ സ്കോര്‍ ചെയ്തത്.
മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ പരാജയപ്പെടുത്തി. കളിയുടെ എട്ടാം മിനിറ്റില്‍ ലിവര്മോറിലൂടെ ലീഡ് നേടിയ ഹള്‍ സിറ്റിയെ 61-ാം മിനിറ്റില്‍ ഹാരി കെയ്നും 90-ാം മിനിറ്റില്‍ എറിക്സണും നേടിയ ഗോളുകളിലാണ് ടോട്ടനം കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: