പാലാ- പൊന്‍കുന്നം റോഡിലൂടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കഠിനയാത്ര

Monday 24 November 2014 10:27 pm IST

പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് പാലാ- പൊന്‍കുന്നം റോഡിലൂടെ കാത്തിരിക്കുന്നത് കഠിനയാത്ര. അങ്കമാലി- പുനലൂര്‍ പാത വികസനത്തിന്റെ പേരില്‍ പാലാ മുതല്‍ പൊന്‍കുന്നം വര ഏഴുസ്ഥലത്ത് കലുങ്ക് പണിയുടെ പേരില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്നതാണ് തീര്‍ത്ഥാടകരുടെയും മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. കേരളത്തിന്റെ വടക്കുനിന്നും കര്‍ണാടക, ആന്ധ്രാ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന പാതയാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി രാപ്പകല്‍ ഭേദമില്ലാതെ കടന്നുപോകുന്നത്. കലുങ്ക് പണിയുടെ പേരില്‍ റോഡിന്റെ പകുതിയും പൊളിച്ചുമാറ്റിയതും ബാക്കി ഭാഗങ്ങളില്‍ മണ്ണും പണിസാമഗ്രികളും നിരത്തിയിട്ടിരിക്കുന്നതും അപകടങ്ങള്‍ക്കും ഗതാഗതതടസത്തിനും ഇടയാക്കുന്നു. റോഡ് കുഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് അപകങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കൂത്താട്ടുകുളം മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗങ്ങള്‍ മണ്ഡല- മകരവിളക്ക് കാലത്ത് റോഡുനിര്‍മ്മാണത്തിന്റെ പേരില്‍ പൊളിച്ചിടുന്ന സ്ഥിരം കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്. തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം തടഞ്ഞുകൊണ്ട് തീര്‍ത്ഥാടക സംഘങ്ങളുടെ നിരവധി വാഹനങ്ങള്‍ മുവാറ്റുപുഴയില്‍ നിന്നും തൊടുപുഴ, ഈരാറ്റുപേട്ട വഴി മാറ്റിവിടുന്നുണ്ട്. തീര്‍ത്ഥാടകരുടെ പരമ്പരാഗത യാത്ര മുടക്കുന്ന നടപടി അധികൃതര്‍ ഇടപെട്ട് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.