സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദം : തെളിവെടുപ്പ് തുടങ്ങി

Friday 14 October 2011 3:47 pm IST

തൃശൂര്‍: ട്രെയിനില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൌമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഉന്നതതല സമിതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം തെളിവ് നല്‍കിയ മൂന്നു പേരും പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ.ഉന്മേഷാണെന്ന് മൊഴി നല്‍കിയതായാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.രമ, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശ്രീകുമാരി എന്നിവരാണ് തെളിവെടുപ്പിനായി എത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പ്രവീണ്‍ ലാലാണ് ആദ്യം തെളിവ് നല്‍കിയത്. തുടര്‍ന്ന് ഡോ.സി.കെ മോഹനന്‍, ഡോ,.ഉന്മേഷ് എന്നിവരില്‍ നിന്നും തെളിവെടുത്തു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്‌ താന്‍ തന്നെയാണ്‌ ഉന്മേഷ് സമിതി അംഗങ്ങളെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ഡ്രാഫ്റ്റ്‌ അന്വേഷണ സമിതിക്ക്‌ നല്‍കി. രേഖകള്‍ പ്രകാരം 9.30 ന്‌ മൃതദേഹം വിട്ടുകൊടുത്തെന്നും ഈ രേഖയില്‍ ഷേര്‍ളി വാസുവിന്റെ ഒപ്പില്ലെന്നും ഉന്‍മേഷ്‌ പറഞ്ഞു.