ശബരിമല തീര്‍ത്ഥാടകര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു: ശശികല ടീച്ചര്‍

Monday 24 November 2014 11:05 pm IST

അഞ്ചല്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. പ്രഥമ വെളിനല്ലൂര്‍ ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. മണ്ഡലകാലം ആരംഭിക്കുന്നതിനുമുമ്പ് നടത്തിയ അവലോകനയോഗങ്ങള്‍ മുഴുവന്‍ പാഴ്‌വേലകളായി മാറി. വൃശ്ചികം ഒന്നിനു തന്നെ അയ്യപ്പന്‍മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമരം ചെയ്യേണ്ടിവന്നു. നിലയ്ക്കല്‍ ഇടത്താവളത്തില്‍ കക്കൂസുകള്‍ തുറന്നുകൊടുത്തില്ല. തുറന്നവയില്‍ വെള്ളവും ഉണ്ടായിരുന്നില്ല. പതിനേഴോളം റോഡുകള്‍ ശബരിമലപ്പാതയായി പ്രഖ്യാപിച്ചതില്‍ ഒന്നുപോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു. ഭണ്ഡാരങ്ങള്‍ സ്ഥാപിക്കുന്നതിലും അയ്യപ്പന്‍മാരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യണമെന്നതിലുമായിരുന്നു അവലോകനമെന്ന് ടീച്ചര്‍ കുറ്റപ്പെടുത്തി. അയ്യപ്പന്‍മാര്‍ വിശന്നു വലയുമ്പോള്‍ ആഹാരം നല്‍കാത്ത ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്ന സംഘടനകളെ വിലക്കുകയായിരുന്നു. ഒരു ദിവസം കഞ്ഞിവയ്പിന് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കി. ഇവിടെ ഉമ്മന്‍ ചാണ്ടിയല്ല ഔറംഗസീബാണ് ഭരണം നടത്തുന്നതെന്ന് തോന്നിപ്പോകുമെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും സക്കാത്ത് നല്‍കുന്ന വ്യവസായികള്‍ക്കും എട്ട് ജി ആനുകൂല്യം നല്‍കുമ്പോഴാണ് ഹിന്ദുവിന് പിഴ നല്‍കി പരിഹസിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം നടത്താമെന്ന് സത്യവാങ്മൂലം കൊടുത്ത സര്‍ക്കാരിന് ഭണ്ഡാരത്തിലാണ് കണ്ണ്. നാലമ്പത്തിനകത്ത് അടി നടത്തി ചോരവീഴ്ത്തിയ ദേവസ്വം മെമ്പര്‍മാര്‍ വാഴുന്ന നാടാണിതെന്ന് ഗുരുവായൂര്‍ ദേവസ്വത്തെ പരാമര്‍ശിച്ച് ടീച്ചര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഹിന്ദുവിനെതിരാണെന്ന് തെളിയിച്ചുകൊണ്ട് ശബരിമല സ്‌പെഷ്യല്‍ സര്‍വീസും നിര്‍ത്തലാക്കി. ഹജ്ജിനു പോകുന്നവര്‍ക്ക് പ്രത്യേക ടെര്‍മിനലുകളുള്ള നാടാണിത്. ഡീസല്‍-പെട്രോള്‍ വിലയ്ക്ക് വൃശ്ചികം ഒന്നിനുതന്നെ ടാക്‌സ് ഏര്‍പ്പെടുത്തി. മണ്ഡലകാലം എത്തുമ്പോള്‍ കസ്തൂരിരംഗന്റെയും മുല്ലപ്പെരിയാറിന്റെയും പേരില്‍ അയ്യപ്പഭക്തന്‍മാര്‍ക്കെതിരെ പടനയിക്കുന്നവരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നും അവര്‍പറഞ്ഞു. ആദിവാസികള്‍ മരിച്ചടങ്ങാനും അന്തിയുറങ്ങാനും നില്‍പ്പുസമരം നടത്തുമ്പോള്‍ സിപിഎം മറൈന്‍ ഡ്രൈവില്‍ വ്യഭിചാരസമരത്തിന് കൊടിനാട്ടുകയാണ്. ആദിവാസി സഹോദരങ്ങള്‍ അട്ടപ്പാടിയില്‍ പിടഞ്ഞു മരിക്കുമ്പോള്‍ സഭയ്ക്ക് കോടിക്കണക്കിന് രൂപയുടെ ഭൂമി പതിച്ചു നല്‍കുകയാണ് സര്‍ക്കാര്‍. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിനെതിരെ ബദല്‍ ആഘോഷം സംഘടിപ്പിക്കുന്ന സിപിഎം ബദല്‍ നബിദിനാഘോഷം സംഘടിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ടീച്ചര്‍ വെല്ലുവിളിച്ചു. ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ മാത്രം സിപിഎം തെരഞ്ഞെടുക്കപ്പെടുന്നു. 90 ശതമാനം ഹിന്ദുക്കളുള്ളിടത്ത് എതിരില്ലാതെവോട്ടുകുത്തി മടുത്ത ഹിന്ദു ഇന്ന് ചിന്തിച്ചുതടങ്ങിയിരിക്കുന്നു. ആത്മാഭിമാനം പണയം വെച്ച് ജീവിക്കാന്‍ ഇനി തങ്ങളില്ലെന്ന് പട്ടികജാതി സമൂഹമടക്കമുള്ളവര്‍ ചിന്തിച്ചതിന്റെ ഫലമാണിന്നുള്ള ഹിന്ദു ഉണര്‍വെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. പി.എന്‍.രാജശേഖരന്‍ അധ്യക്ഷനായിരുന്നു. മഹിളാഐക്യവേദി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് പി.ശശിധരന്‍പിള്ള, സംഘടനാസെക്രട്ടറി പുത്തൂര്‍ തുളസി, സഹസംഘടനാസെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ് വടമണ്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് പി.ചന്ദ്രചൂഡന്‍പിള്ള, എസ്.ബിച്ചു തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. രാമചന്ദ്രന്‍പിള്ള സ്വാഗതവും ഹരിലാല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.