നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ ടാറിംഗ്, തിരുവല്ലയില്‍ വന്‍ ഗതാഗത കുരുക്ക്

Tuesday 25 November 2014 10:14 am IST

തിരുവല്ല: നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ ടാറിംഗ്, നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്. എംസി റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടത്തിയ അറ്റകുറ്റപണികള്‍ക്കായി എസ്‌സിഎസ് ജംഗ്ഷനില്‍ റോഡിന്റെ ഒരുഭാഗം പൂര്‍ണ്ണമായും അടച്ച് നടത്തിയ ടാറിംഗ് മൂലം മണിക്കുറുകളാണ് ജനം പെരുവഴിയില്‍ നരകിച്ചത്. ഒരു ഭാഗത്തുകൂടിയുളള ഗതാഗതം പൂര്‍ണ്ണമായും നിലച്ചതോടെ വാഹനങ്ങള്‍ നിയന്ത്രിക്കാനാകാതെ പോലീസ് വെളളംകുടിച്ചു. ചങ്ങനാശേരി ഭാഗത്തുനിന്നുമുളള വാഹനങ്ങളുടെ മണിക്കൂറുകള്‍ നീളുന്ന നിര മുത്തൂര്‍ ജംഗ്ഷന്‍ രൂപപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തുനിന്നുളള വാഹനങ്ങളൂം മണിക്കൂറുകള്‍ നീണ്ട കുരുക്കില്‍ അകപ്പെട്ടു. ടാറിംഗിന്റെ ഭാഗമായി  ചങ്ങനാശേരിയില്‍ നിന്നും വരുന്ന വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ ദീപാ ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി പോലീസ് തിരിച്ചുവിടുകയായിരുന്നു. മല്ലപ്പളളി റൂട്ടില്‍ നിന്നുമുളള വാഹനങ്ങള്‍ ചിലങ്ക ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക് കടത്തിവിടുകയായിരുന്നെങ്കെിലും നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട  ഗതാഗത കുരുക്കിന് ശമനമുണ്ടായില്ല. രാത്രികാല ടാറിംഗിനായി കരാറുകാരന് ഇരട്ടിയിലധികം തുക നല്‍കേണ്ടതായി വരുമെന്നും, ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് രാത്രികാല ടാറിംഗ് നടത്താത്തതുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. എം.സി റോഡിലും, നഗരത്തിലുമായി തുടരെ നടക്കുന്ന അറ്റകുറ്റപണികള്‍ മൂലം ജനത്തിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.